ചെന്നൈ : മൂന്നാഴ്ചയിലേറെയായി തുടരുന്ന ദുരിതം കാണാൻ മുഖ്യമന്ത്രി സ്റ്റാലിൻ എത്തിയതോടെ ആവഡി നിവാസികളിൽ പ്രതീക്ഷ ഉണർന്നു. ആവഡിയിലെയും പരിസരങ്ങളിലെയും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികൾ വേഗത്തിലാക്കാൻ മുഖ്യമന്ത്രി കളക്ടർക്കും മറ്റ് അധികൃതരോടും ആവശ്യപ്പെട്ടു. അഴുക്കുചാൽ നിർമാണം പൂർത്തിയാക്കി പ്രശ്നത്തിന് ശാശ്വതപരിഹാരം കാണമെന്ന് ജനങ്ങൾ മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.

നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി സ്ഥലവാസികൾപറഞ്ഞു. മഴ ശക്തമായത് മുതൽ ആവഡി ഹൗസിങ് ബോർഡ് കോളനി, ജെ.ബി. എസ്റ്റേറ്റ്, വസന്തം നഗർ, ശ്രീറാംനഗർ തുടങ്ങിയയിടങ്ങളിൽ വെള്ളക്കെട്ടായിരിക്കുകയാണ്. മഴകുറയുമ്പോൾ മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും സമീപമുള്ള തടാകത്തിൽനിന്നുള്ള വെള്ളവും മഴവെള്ളവും അഴുക്കുചാലിലൂടെ റോഡിലും വീട്ടുപരിസരങ്ങളിലും വ്യാപിക്കുകയാണ്. വെള്ളം ഒഴുക്കിവിടാനുള്ള സൗകര്യമില്ലാത്തതാണ് പ്രശ്നം.

മുമ്പ് വെള്ളം ഒഴുകിപ്പോയിരുന്ന പരുത്തിപ്പട്ടു തടാകത്തിന്റെ ഭാഗമായിരുന്ന സ്ഥലത്ത് ഹൗസിങ് ബോർഡ് കോളനി നിലവിൽ വന്നതോടെ അതിന് സാധിക്കാതെ വന്നു. പുതിയ അഴുക്കുചാൽ നിർമിക്കാൻ പദ്ധതിക്ക്‌ രൂപംനൽകുകയും പണികൾ ആരംഭിക്കുകയും ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ മുടങ്ങിക്കിടക്കുകയാണ്. ആവഡി എൻ.എം. റോഡിന് ഇരുവശങ്ങളിൽ നിർമിക്കുന്ന അഴുക്കുചാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള പദ്ധതിയാണ് പാതി വഴിയിൽ നിർത്തിയത്. പാതി നിർമാണം നടന്നിട്ടുള്ള അഴുക്കുചാലിലൂടെ ശൗചാലയങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾവരെ വ്യാപിക്കുകയാണെന്ന് സ്ഥലവാസിയും സാമൂഹിക പ്രവർത്തകനുമായ ഗണേശ് ബാബു പറയുന്നു. ഒരോതവണയും വെള്ളക്കെട്ടിന്റെ പ്രശ്നമുണ്ടാകുമ്പോൾ ജില്ലാ കളക്ടർ അടക്കമുള്ള അധികൃതർ സന്ദർശിക്കാൻ എത്തുമെങ്കിലും തുടർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആവഡി നിവാസികൾ ആരോപിക്കുന്നു.