ചെന്നൈ : ശക്തമായ മഴയിൽ വെള്ളംകയറിയ വീടുകളിൽ നിന്ന് 15,106 പേരെ രക്ഷിച്ച് ദുരിതാശ്വാസകേന്ദ്രങ്ങളിലേക്ക് മാറ്റി. സംസ്ഥാനത്ത് 500-ഓളം ദുരിതാശ്വാസകേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്.

ദുരിതാശ്വാസകേന്ദ്രത്തിലേക്ക് മാറ്റിയവരിൽ ചെങ്കൽപ്പെട്ട് ജില്ലയിൽനിന്നുള്ള 2041 പേരും നാഗപട്ടണം ജില്ലയിൽ നിന്നുള്ള 3,756 പേരും വെല്ലൂർ ജില്ലയിൽനിന്നുള്ള 3314 പേരും തൂത്തുക്കുടി ജില്ലയിൽനിന്നുള്ള 1022 പേരും ഉൾപ്പെടും.

മഴയുമായി ബന്ധപ്പെട്ട അപകടങ്ങളിൽ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പത്തുപേർ മരിച്ചു. ഞായറാഴ്ച രണ്ടുപേരാണ് മരിച്ചത്. 1814 കുടിലുകൾ പൂർണമായും തകർന്നു. 356 വീടുകൾ ഭാഗികമായി തകർന്നു.

പകർച്ച വ്യാധികൾ പിടിപെടാതിരിക്കാൻ സംസ്ഥാനവ്യാപകമായി മെഡിക്കൽക്യാമ്പുകൾ നടത്തിവരികയാണെന്ന് അധികൃതർ പറഞ്ഞു.

ചെന്നൈയിൽ 378 ഇടങ്ങളിൽ വെള്ളക്കെട്ട്

കനത്ത മഴയെത്തുടർന്ന് ചെന്നൈയിൽ 378 ഇടങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണെന്ന് കോർപ്പറേഷൻ അധികൃതർ അറിയിച്ചു. മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം അകറ്റാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ചെന്നൈയിൽ 820 മോട്ടോറുകൾ ഉപയോഗിച്ചാണ് വെള്ളം അകറ്റുന്നത്. വെള്ളക്കെട്ട് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് 4,584 പരാതികൾ ശനിയാഴ്ച ലഭിച്ചിരുന്നു. ഇതിൽ 809 പരാതികളിൽ മാത്രമാണ് പരിഹാരം കണ്ടത്. വെള്ളക്കെട്ട്, വൈദ്യുതി തടസ്സം, കുടിവെള്ളവിതരണം മുടങ്ങൽ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ 1070, 1077, 1913 എന്നീ നമ്പറുകളിലേക്ക് വിളിക്കാമെന്നും അധികൃതർ അറിയിച്ചു.