ചെന്നൈ : തുടർച്ചയായി പെയ്ത മഴയിൽ വെള്ളക്കുരുക്കിലായി ചെന്നൈ നഗരവും പരിസരവും. വെള്ളക്കെട്ടിലായ പ്രദേശങ്ങളിൽ വൈദ്യുതിവിതരണം പൂർണമായും മുടങ്ങി. മാലിന്യം കലർന്ന കുടിവെള്ളമാണ് ഭൂരിഭാഗം പ്രദേശങ്ങളിലും ലഭിക്കുന്നത്.

മഴ തുടർന്ന് പെയ്യുന്നതിനാലും തടാകങ്ങളും നദികളും കര കവിഞ്ഞൊഴുകുന്നതിനാലും വെള്ളക്കെട്ട് അകറ്റാനുള്ള അധികൃതരുടെ ശ്രമങ്ങളും ഫലം കാണുന്നില്ല. നഗരത്തിൽ വടക്കൻ ചെന്നൈ, സെൻട്രൽ ചെന്നൈ, ചെന്നൈയുടെ സമീപ പ്രദേശങ്ങളായ താംബരം, ആവഡി മേഖലകൾ എന്നിവിടങ്ങിൽ വൈദ്യുതിയും കുടിവെള്ള വിതരണവും തടസ്സപ്പെട്ടതിനാൽ ജനങ്ങൾ ദുരിതത്തിലായി. ഗതാഗത തടസ്സവും തുടരുകയാണ്.

മെട്രോ വാട്ടർ വിതരണം ചെയ്യുന്ന പൈപ്പിലൂടെ ലഭിക്കുന്നത് മാലിന്യം കലർന്ന വെള്ളമാണ്. കുടിവെള്ളം ശേഖരിക്കാനായുള്ള ഭൂഗർഭ ടാങ്കുകളിലും കുഴൽ കിണറുകളിലും മലിനജലം കലർന്നിരിക്കയാണെന്ന് നഗര വാസികൾ പറഞ്ഞു. അത്യാവശ്യ കാര്യങ്ങൾക്ക് തെരുവോരങ്ങളിലൂടെ നടന്ന് പോകാൻ പോലും ഭയമാണെന്ന് നഗരവാസികൾ പറഞ്ഞു. വെള്ളം കെട്ടിനിൽക്കുന്ന മേഖലകളിൽ വൈദ്യുതി വിച്ഛേദിച്ചിരിക്കുകയാണ്. നഗരത്തിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഭൂഗർഭ കേബിളുകളിലൂടെയാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. 800 മോട്ടോറുകൾ ഉപയോഗിച്ച് വെള്ളം അകറ്റുന്നുണ്ടെങ്കിലും വെള്ളക്കെട്ടിന് ശമനമില്ല. നഗരത്തിന്റെ ഹൃദയഭാഗത്തിലൂടെ കടന്നു പോകുന്ന കൂവം നദി തിരുവേർക്കാട് മുതൽ നൊളമ്പൂർ വരെ ഏഴു കിലോമീറ്റർ ദൂരത്തിൽ കര കവിഞ്ഞൊഴുകുകയാണ്. ആന്ധ്രാപ്രദേശിന്റെ തീരത്തുള്ള തടാകങ്ങൾ കര കവിഞ്ഞ് കൂവം നദിയിലേക്ക് ഒഴുകുകയാണ്. ഇതോടെ നഗരത്തിലെ വെള്ളക്കെട്ട് രൂക്ഷമായി. ചെന്നൈയ്ക്കു സമീപത്തെ മൂന്ന് ജില്ലകളിലെയും 1200 തടാകങ്ങളിലും പൂർണമായി നിറഞ്ഞു. ചെന്നൈ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, തിരുവള്ളൂർ ജില്ലയിലെ 3000-ത്തോളം പേരെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ചെന്നൈ ഉൾപ്പെടെയുള്ള തമിഴ്‌നാടിലെ 15 ജില്ലകളിൽ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുറന്നിട്ടുണ്ട്. വെള്ളക്കെട്ടിലായ ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട് ജില്ലകളിലെ മഴ ബാധിത പ്രദേശങ്ങൾ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ സന്ദർശിച്ചു.

ചെന്നൈയിൽ 200 വർഷത്തെ ഏറ്റവുംകൂടുതൽ മഴ

ചെന്നൈ : ഒരു മാസം ലഭിച്ച മഴയുടെ കണക്കിൽ റെക്കോഡ് മറികടന്ന് ചെന്നൈ. 200 വർഷത്തിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഈ മാസമാണ്. 1918-ൽ 1088 മില്ലീമീറ്റർ മഴ ലഭിച്ചതായിരുന്നു നേരത്തേയുണ്ടായിരുന്ന റെക്കോഡ്‌. എന്നാൽ ഈമാസം ഇതിനകം 1097 മില്ലീമീറ്റർ മഴ ലഭിച്ചു കഴിഞ്ഞു. ഞായറാഴ്ച രാവിലെ 8.30 വരെയുള്ള കണക്ക് പ്രകാരമാണിത്.

1918-ലും നവംബറിലായിരുന്നു ചെന്നൈയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 2005 ഒക്ടോബറിൽ 1078 മില്ലീമീറ്റർ മഴയും ചെന്നൈ പ്രളയത്തിൽ മുങ്ങിയ 2015 നവംബറിൽ 1049 മില്ലീമീറ്റർ മഴയും ലഭിച്ചിരുന്നു. രണ്ട് നൂറ്റാണ്ടിനിടെ ഒരു മാസം 1000 മില്ലീ മീറ്റർ കൂടുതൽ മഴ പെയ്തത് ഈ നാല് വർഷങ്ങളിൽ മാത്രമായിരുന്നു.