ചെന്നൈ : വിവിധ ഔദ്യോഗിക പരിപാടികൾക്കായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഓഗസ്റ്റ് രണ്ടിന് തമിഴ്‌നാട്ടിലെത്തും. അഞ്ചുദിവസത്തേക്കാണ് അദ്ദേഹം സംസ്ഥാനത്തുണ്ടാവുക. നിലവിലെ ഷെഡ്യൂൾപ്രകാരം ഓഗസ്റ്റ് രണ്ടിന് ഉച്ചയ്ക്ക് 12.45-ന് രാഷ്ട്രപതി ചെന്നൈ വിമാനത്താവളത്തിൽ എത്തും. രാജ്ഭവനിലെ വിശ്രമത്തിനു ശേഷം വൈകിട്ട് അഞ്ചിന് തമിഴ്നാട് നിയമസഭയുടെ (മദ്രാസ് ലെജിസ്ലേറ്റീവ് കൗൺസിൽ) ശതാബ്ദിയാഘോഷങ്ങളിൽ പങ്കെടുക്കും. ഇതിന്റെ ഭാഗമായി സെയ്‌ന്റ് ജോർജ് കോട്ടയിലെ നിയമസഭാ ഹാളിൽ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഛായാചിത്രം അദ്ദേഹം അനാച്ഛാദനം ചെയ്യും.

തമിഴ്‌നാട് ഗവർണർ ബൻവാരിലാൽ പുരോഹിത്, നിയമസഭാ സ്പീക്കർ എം. അപ്പാവു, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ എന്നിവരും ചടങ്ങിലുണ്ടാവും. ഗിണ്ടിയിലെ രാജ്ഭവനിലായിരിക്കും രാഷ്ട്രപതിയുടെ താമസം. ഓഗസ്റ്റ് മൂന്നുമുതൽ അഞ്ചുവരെ ഊട്ടി വെല്ലിങ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിൽ രാഷ്ട്രപതിക്ക് വിവിധ പരിപാടികളുണ്ട്. ഓഗസ്റ്റ് ആറിന് രാവിലെ 10.50-ന് ഊട്ടിയിൽനിന്ന് ഡൽഹിയിലേക്ക് പുറപ്പെടും.