ചെന്നൈ : സൗജന്യയാത്ര അനുവദിച്ചതോടെ സർക്കാർ ബസുകളിലെ ജീവനക്കാരുടെ വനിതാ യാത്രക്കാരോടുള്ള പെരുമാറ്റം മോശമായതെന്ന് വ്യാപക പരാതി. സ്ത്രീകൾക്ക് യാത്ര സൗജന്യമാക്കിയതോടെ കമ്മിഷൻ ഇനത്തിൽ ലഭിക്കുന്ന തുക കുറഞ്ഞതാണ് ജീവനക്കാരുടെ മനോഭാവം മാറാനുള്ള കാരണം. സൗജന്യമായി യാത്ര ചെയ്യുന്നുവെന്നുപറഞ്ഞ് ആക്ഷേപിക്കുകയും സീറ്റിൽ നിന്ന് എഴുന്നേൽപ്പിക്കുന്നുവെന്നും പരാതി പതിവായതോടെ ബസ് കണ്ടക്ടർമാർക്കും ഡ്രൈവർമാർക്കും വ്യക്തിത്വവികസനക്ലാസ് നൽകാൻ ഒരുങ്ങുകയാണ് സർക്കാർ.

മേയിൽ ഡി.എം.കെ. സർക്കാർ അധികാരം ഏറ്റെടുത്തിനുശേഷം നടപ്പാക്കിയ പ്രധാന ജനപ്രിയ പദ്ധതികളിൽ ഒന്നായിരുന്നു സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. ചെന്നൈയിലടക്കം 6,500-ൽപ്പരം ബസ് സർവീസുകളിലാണ് സൗജന്യമായി യാത്രചെയ്യാൻ സാധിക്കുക. ഇതുമൂലമുള്ള നഷ്ടം നികത്താൻ ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് 1200 കോടി രൂപ അനുവദിച്ചിരുന്നു. ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് വരുമാനത്തിലുണ്ടായ കുറവ് സർക്കാർ പരിഹരിക്കുന്നുണ്ടെങ്കിലും പ്രതിദിന ടിക്കറ്റ് കളക്‌ഷന്റെ അടിസ്ഥാനത്തിൽ ലഭിച്ചിരുന്ന കമ്മിഷൻ തുകയിലുണ്ടായിരിക്കുന്ന നഷ്ടം നികത്താൻ തയ്യാറാകാത്തത് ബസ് ജീവനക്കാരെ ചൊടിപ്പിച്ചിരിക്കുകയാണ്.

ടിക്കറ്റ് വിൽപ്പനയിലൂടെ 100 രൂപ ലഭിക്കുമ്പോൾ 66 പൈസ വീതം കണ്ടക്ടർക്കും ഡ്രൈവർക്കും കമ്മിഷനായി ലഭിക്കും. ആകെ ബസ് യാത്രക്കാരിൽ പകുതിയോളം വരുന്ന സ്ത്രീകൾക്ക് യാത്ര സൗജന്യമായതോടെ ഇവരുടെ കമ്മിഷനും പകുതിയോളമായി കുറഞ്ഞിരിക്കുകയാണ്.

സ്ത്രീകൾ ബസ് കാത്തുനിൽക്കുമ്പോൾ നിർത്തുന്നില്ലെന്നും സൗജന്യയാത്രയായതിന്റെ പേരിൽ മറ്റുയാത്രക്കാർക്കുവേണ്ടി സീറ്റ് ഒഴിയാൻ ആവശ്യപ്പെടുന്നു എന്നുമുള്ള പരാതി മന്ത്രിക്കും ലഭിച്ചതോടെയാണ് പെരുമാറ്റവൈകല്യം മാറ്റാൻ ക്ലാസുകൾ നൽകാൻ തീരുമാനിച്ചത്. ഇതിനൊപ്പം കമ്മിഷൻ ഇനത്തിലുള്ള വരുമാനനഷ്ടം നികത്തുന്നതിനെ സംബന്ധിച്ചും ആലോചന നടക്കുന്നുണ്ട്.