ചെന്നൈ : നടൻ വിജയ്‌യുടെ പേരിൽ പ്രവർത്തിച്ചിരുന്ന സംഘടന പിരിച്ചു വിട്ടുവെന്ന് കോടതിയിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖർ. രാഷ്ട്രീയ പാർട്ടി രൂപവത്കരണവുമായി ബന്ധപ്പെട്ട കേസിൽ ചെന്നൈ സിറ്റി സിവിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ചന്ദ്രശേഖർ ഇക്കാര്യം വ്യക്തമാക്കിയത്. സംഘടന പിരിച്ചുവിട്ടുവെന്നും ഈ വിവരം രജിസ്ട്രാറെ അറിയിച്ചിട്ടുണ്ടെന്നുമാണ് സത്യവാങ്മൂലത്തിൽ പറയുന്നത്.

രാഷ്ട്രീയ പ്രവർത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ഏപ്രിലിലാണ് വിജയ് ഹർജി സമർപ്പിച്ചത്. ദളപതി വിജയ് മക്കൾ ഇയക്കം എന്ന ആരാധക സംഘടനയെ ചന്ദ്രശേഖർ രാഷ്ട്രീയ പാർട്ടിയാക്കാൻ തീരുമാനിച്ചതോടെയാണ് വിജയ് അച്ഛനും അമ്മയ്ക്കും മറ്റു ഒമ്പത് പേർക്കുമെതിരേ നിയമനടപടിയ്‌ക്കൊരുങ്ങിയത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ചന്ദ്രശേഖർ ജനറൽ സെക്രട്ടറിയും അമ്മ ശോഭ ഖജാൻജിയുമായി പാർട്ടി രൂപവത്കരിക്കാനുള്ള നടപടിയാരംഭിച്ചത്. ഇത് എതിർത്ത വിജയ് രാഷ്ട്രീയ പ്രവർത്തനത്തിനായി തന്റെ പേരും ചിത്രവും ഉപയോഗിക്കുന്നത് വിലക്കാൻ കോടതിയെ സമീപിക്കുകയായിരുന്നു.

ചന്ദ്രശേഖറിന്റെ സത്യവാങ്മൂലം സ്വീകരിച്ച കോടതി എതിർകക്ഷികളിൽ ഒരാളായ മഹേന്ദ്രന് നോട്ടീസ് ലഭിക്കാത്തതിനാൽ കേസ് ഒക്ടോബർ 29-ന് വീണ്ടും പരിഗണിക്കാൻ നീട്ടി.

അച്ഛൻ രാഷ്ട്രീയപ്പാർട്ടി ആരംഭിക്കുന്നത് വിലക്കിയ വിജയ് ഇപ്പോൾ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആരാധക സംഘടനാംഗങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളായി മത്സരിക്കാനാണ് നിർദേശം. എന്നാൽ വിജയ്‌യുടെ ചിത്രവും സംഘടനയുടെ കൊടിയും ഉപയോഗിക്കാം. വിജയ് മക്കൾ ഇയക്കത്തിന്റെ രണ്ട് സ്ഥാനാർഥികൾ ഇതിനകം ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.