ചെന്നൈ : രാജ്യത്ത് ചികിത്സയിൽകഴിയുന്ന കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞ് വരികെ, തമിഴ്‌നാട്ടിൽ ചികിത്സിയിൽ കഴിയുന്നവരുടെ എണ്ണം കഴിഞ്ഞ 19 ദിവസമായി തുടർച്ചയായി വർധിച്ചുവരുന്നു. രാജ്യത്ത് 2,99,620 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. സെപ്റ്റംബർ എട്ടിന് ചികിത്സയിൽ തമിഴ്‌നാട്ടിൽ ചികിത്സയിലുള്ളവരുടെ എണ്ണം 16,190 ആയി കുറഞ്ഞിരുന്നു. ഇപ്പോൾ കോവിഡ് ബാധിതരുടെ എണ്ണം 17,285 ആയി ഉയർന്നു.

മൂന്നാഴ്ച മുമ്പ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 1,500-ലേക്ക് താഴ്ന്നിരുന്നു. പിന്നീട് തുടർച്ചയായ ദിവസങ്ങളിൽ വർധിച്ച് വരികയായിരുന്നു. വിനായക ചതുർഥി ആഘോഷം സെപ്റ്റംബർ പത്തിനായിരുന്നു. സെപ്റ്റംബർ പത്ത് മുതൽ 15 വരെയുള്ള കാലയളവിൽ മുഹൂർത്ത നാളുകളായതിനാൽ ഒട്ടേറെ വിവാഹങ്ങളും നടന്നിരുന്നു. ഇതോടൊപ്പം മാർക്കറ്റുകളിൽ വൻതിരക്ക് അനുഭവപ്പെട്ടിരുന്നു.

തീവണ്ടികൾ, എ.സി. ബസുകൾ എന്നിവയിലും തിരക്ക് വർധിച്ചിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചുവരികയായിരുന്നു. ഇതോടൊപ്പം സെപ്റ്റംബർ ഒന്നിന് ഒൻപത്, പത്ത്, പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലേക്കും കോളേജുകളിലെ അവസാനവർഷ ബിരുദ വിദ്യാർഥികൾക്കും ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇതും കോവിഡ് വ്യാപനത്തിനുള്ള കാരണങ്ങളിലൊന്നായി ആരോഗ്യ വിദഗ്ധർ പറയുന്നു.

ദിവസവും കോവിഡ് ബാധിക്കുന്നവരുടെ എണ്ണത്തിനനുസൃതമായി രോഗമുക്തരാവുന്നവരുടെ എണ്ണം വർധിച്ചിരുന്നില്ല. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇതൊരു മൂന്നാംവ്യാപനത്തിന്റെ തുടക്കമല്ലെന്ന് 98 ശതമാനം ആരോഗ്യ വിദഗ്ധരും പറയുന്നു. പോസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തിൽ താഴെയാണ്. സംസ്ഥാനത്തെ 300 ലാബുകളിലായി ദിവസവും ഒന്നര ലക്ഷത്തിലേറെ പേരുടെ സാംപിളുകൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇപ്പോൾ ദിവസവും 1,700- ഓളം പേർക്ക് കോവിഡ് ബാധിക്കുന്നുണ്ട്.

എറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിക്കുന്ന കോയമ്പത്തൂരിൽ പോസിറ്റിവിറ്റി നിരക്ക് 1.8 ശതമാനമാണ്. തിരുവാരൂർ മാത്രമാണ് രണ്ട് ശതമാനം പോസിറ്റിവിറ്റി നിരക്കുള്ളത്. ചെന്നൈയിൽ 190-നും 220-നും ഇടയിൽ പേർക്കാണ് കോവിഡ് ബാധിക്കുന്നത.്

2087 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ പകുതിയിൽ താഴെ പേർക്കാണ് ആശുപത്രിയിൽ ചികിത്സ ആവശ്യമുള്ളത്. മറ്റുള്ളവരുടെ രോഗബാധ ഗുരുതരമുള്ളതല്ല. കൂടുതൽ പേർ വാക്സിൻ സ്വീകരിക്കുന്നതോടെ കോവിഡ് വ്യാപനം കുറഞ്ഞ് വരുമെന്നാണ് അധികൃതർ കരുതുന്നത്.

1,657 പേർക്കുകൂടി കോവിഡ്; 19 മരണം

ചെന്നൈ : തമിഴ്‌നാട്ടിൽ 1,657 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26,58,923 ആയി ഉയർന്നു. 19 പേർ കൂടി മരിച്ചു. മരണസംഖ്യ 35,509 ആയി ഉയർന്നു. 1,662 പേർകൂടി രോഗമുക്തരായി. രോഗം ഭേദമായവരുടെ എണ്ണം 26,06,153 ആയി ഉയർന്നു. 17,261 പേരാണ് ചികിത്സയിലുള്ളത്. 1,51,880 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്. കോയമ്പത്തൂരിൽ 189 പേർക്ക് കോവിഡ് ബാധിച്ചു. 205 പേർ രോഗമുക്തരായി. അഞ്ച് പേർ മരിച്ചു. 2055 പേരാണ് ചികിത്സയിലുള്ളത്.

ചെന്നൈയിൽ 186 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൂന്ന് പേർ മരിച്ചു. 208 പേർ രോഗമുക്തരായി. 2058 പേരാണ് ചികിത്സയിലുള്ളത്. ഈറോഡിൽ 117 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 127 പേർ കൂടി രോഗമുക്തരായി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1221 ആയി. ചെങ്കൽപ്പെട്ടിൽ 113 പേർക്ക് രോഗം ബാധിച്ചു. ഒരാൾ മരിച്ചു. 132 പേർ രോഗമുക്തരായി. 1,123 പേരാണ് ചികിത്സയിൽ കഴിയുന്നത്. തഞ്ചാവൂരിൽ 96 പേർക്കും തിരുപ്പൂരിൽ 84 പേർക്കും തിരുവള്ളൂരിൽ 73 പേർക്കും സേലത്ത് 64 പേർക്കും തിരുവാരൂരിൽ 62 പേർക്കും തിരുച്ചിറപ്പള്ളിയിൽ 60 പേർക്കും നാമക്കലിൽ 50 പേർക്കും കോവിഡ് ബാധിച്ചു. പെരമ്പല്ലൂരിലും തെങ്കാശിയിലും അഞ്ച് പേർക്ക് വീതവും രാമനാഥപുരത്ത് ഏഴ് പേർക്കും തേനിയിൽ എട്ട് പേർക്കും അരിയല്ലൂരിൽ ഒൻപത് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.