ചെന്നൈ : കോയമ്പേട് മൊത്തവ്യാപാര വിപണിയിൽ പച്ചക്കറിവില കുറയുന്നു. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള വരവ് വർധിച്ചതോടെയാണ് പച്ചക്കറി വില കുറഞ്ഞത്. പച്ചക്കറികളുടെ വില 20 ശതമാനമാണ് കുറഞ്ഞത്. മുൻ വർഷങ്ങളിൽ ഈ കാലയളവിൽ വില കൂടുകയാണ് ചെയ്യുകയെന്ന് വ്യാപാരികൾ പറയുന്നു.

തമിഴ് മാസമായ പുറട്ടാസി മാസത്തിൽ തമിഴ്‌നാട്ടുകാർ മത്സ്യ-മാംസാദികൾ കഴിക്കാറില്ല. അതുകൊണ്ടു തന്നെ പച്ചക്കറി വില കൂടാറുണ്ട്. ഈ വർഷം മാത്രമാണ് വില കുറഞ്ഞതെന്നും വ്യാപാരികൾ പറഞ്ഞു. എന്നാൽ പച്ചക്കറി വില ഇനിയും കുറയില്ലെന്നാണ് കരുതുന്നതെന്ന് കോയമ്പേട് മർച്ചന്റ് അസോസിയേഷൻ ഖജാൻജി പി. സുകുമാരൻ അറിയിച്ചു.

കർണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നല്ല മഴ ലഭിച്ചതിനാൽ മികച്ച വിളവെടുപ്പുണ്ടായിട്ടുണ്ടെന്നും ഇതും പച്ചക്കറികളുടെ വരവ് കൂടാൻ കാരണമായിട്ടുണ്ടെന്ന് സുകുമാരൻ പറഞ്ഞു.

പുറട്ടാസി മാസത്തിൽ മുൻ വർഷങ്ങളിൽ ക്ഷേത്രങ്ങളിലും പൂജകളും അന്നദാനങ്ങളും നടക്കാറുണ്ട്. വീടുകളിലും ചടങ്ങുകൾ നടക്കാറുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് 50 ശതമാനം കച്ചവടം മാത്രമേ ഇപ്പോൾ നടക്കുന്നുള്ളുവെന്നും വ്യാപാരികൾ പറയുന്നു.