ചെന്നൈ : കോർപ്പറേഷനുകളടക്കം സംസ്ഥാനത്തെ നഗരപ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടത്താൻ സുപ്രീം കോടതി നാല് മാസം കൂടി സമയം അനുവദിച്ചു. കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ടൗൺ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ജനുവരി വരെ സാവകാശം അനുവദിച്ചത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഏഴ് മാസമാണ് ആവശ്യപ്പെട്ടത്.

സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ കോടതി ഒരുമിച്ചു പരിഗണിക്കുകയായിരുന്നു. നേരത്തേ ഈ ഹർജികൾ പരിഗണിച്ചപ്പോൾ സെപ്റ്റംബർ 15-ന് മുമ്പ് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്താൻ ഉത്തരവിട്ടിരുന്നു. തുടർന്ന് ഒമ്പത് ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലെ തദ്ദേശതിരഞ്ഞെടുപ്പ് ഒക്ടോബർ ആറ്, ഒമ്പത് തീയതികളിൽ നടത്താൻ നടപടി ആരംഭിച്ചിരുന്നു.

2011-ൽ നടത്തേണ്ട തിരഞ്ഞെടുപ്പാണ് വാർഡ് വിഭജനത്തിന്റെ പേരിൽ നീണ്ടത്. 27 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് 2019 ഡിസംബറിൽ നടന്നു. ബാക്കിയുള്ള ഒമ്പത് ജില്ലകളിലെ തിരഞ്ഞെടുപ്പാണ് അടുത്ത മാസം നടക്കുന്നത്. എന്നാൽ നഗരപ്രദേശങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിരുന്നില്ല. ഡി.എം.കെ. സർക്കാർ മേയിൽ അധികാരമേറ്റതിനുശേഷം പുതിയ ആറ് കോർപ്പറേഷനുകൾ രൂപവത്കരിച്ചിട്ടുണ്ടെന്നും ഇവയിൽ വാർഡ് വിഭജനം തുടങ്ങിയ നടപടികൾക്കായി ഏഴ് മാസം സമയം വേണമെന്നുമായിരുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ ആവശ്യം. കമ്മിഷന്റെ ആവശ്യം ബാലിശമാണെങ്കിലും നാല് മാസം കൂടി സാവകാശം നൽകാമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.