ചെന്നൈ : പഠനം സ്കൂളിനുപുറത്തേക്ക് നീട്ടുന്ന ‘ഇല്ലം തേടി കൽവി’ പദ്ധതി വിഴുപുരം മരക്കാണത്ത് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനംചെയ്തു. കോവിഡ് കാലത്ത് മാസങ്ങളോളം വീട്ടിലിരുന്ന വിദ്യാർഥികളുടെ പഠന ഇടവേള കുറയ്ക്കുന്നതും പഠന പോരായ്മകൾ പരിഹരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

വിദ്യാർഥികളുടെ വീടിനടുത്തുള്ള സർക്കാർ ഉടമസ്ഥതയിലെ സ്ഥലങ്ങളിലാകും ‘ഇല്ലം തേടി കൽവി’ പരിശീലനം. സ്കൂൾ സമയത്തിനുശേഷം ദിവസവും വൈകീട്ട് അഞ്ച് മുതലാകും ഈ ക്ലാസ്. ആദ്യഘട്ടത്തിൽ കാഞ്ചീപുരം, വിഴുപുരം, മധുര, തിരുച്ചിറപ്പള്ളി, നാഗപട്ടണം, കന്യാകുമാരി, കൃഷ്ണഗിരി, നീലഗിരി തുടങ്ങിയ 12 ജില്ലകളിലാണ് പദ്ധതി നടപ്പാക്കുന്നത്. അതതിടങ്ങളിൽ സന്നദ്ധപ്രവർത്തകരാകും കുട്ടികൾക്ക് പരിശീലനം നൽകുക. 200 കോടി ചെലവിട്ട് നടപ്പാക്കുന്ന പദ്ധതി അടുത്തഘട്ടത്തിൽ കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കും. കോവിഡ് കാലത്തെ പ്രയാസങ്ങളിൽനിന്ന് രൂപംകൊണ്ടതാണ് ‘ഇല്ലം തേടി കൽവി’ പദ്ധതിയെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ കാമരാജും എം.ജി.ആറും കരുണാനിധിയും ആവിഷ്കരിച്ച സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയെപ്പോലെ ‘ഇല്ലം തേടി കൽവി’ പദ്ധതിയും ഒരു നാഴികക്കല്ലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു. സ്കൂളിനെ വീട്ടിലെത്തിക്കുകയാണ് ഈ പദ്ധതി.

അതുപോലെ സ്കൂളിനെ വിദ്യാർഥികൾ സ്വന്തം വീടായും കാണണം. വിദ്യാർഥികളോട് സ്നേഹത്തോടെ ഇടപെടണന്ന് അധ്യാപകരോടും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസമന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴി, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ. പൊൻമുടി, കെ.എസ്. മസ്താൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.