ചെന്നൈ : മൊബൈൽ േഫാൺ കന്പനിയുടെ കസ്റ്റമർ കെയറിൽനിന്നെന്ന വ്യാജേന ഫോൺ വിളിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത സംഘത്തെ കൊൽക്കത്തയിൽനിന്ന് ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ജാർഖണ്ഡ് സ്വദേശികളായ ബിശ്വനാഥ് പ്രസാദ് (25), ബാപി മണ്ഡൽ (31), റാം പ്രസാദ് (30) എന്നിവരാണ് പിടിയിലായത്. കോടമ്പാക്കം സ്വദേശി കഴിഞ്ഞമാസം നൽകിയ പരാതിയിലാണ് ചെന്നൈ പോലീസിന്റെ സൈബർ ക്രൈം വിഭാഗം പ്രതികളെ പിടികൂടിയത്.

ഇവരിൽനിന്ന് 20 മൊബൈൽ ഫോണുകൾ, 160 സിംകാർഡുകൾ, നാല് സ്വൈപ്പിങ് യന്ത്രങ്ങൾ, 148 ഗ്രാം സ്വർണാഭരണങ്ങൾ, ഒരു കാർ, 11.20 ലക്ഷം രൂപ എന്നിവയും പിടിച്ചെടുത്തു. ഹൗറയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുന്നിൽ ഹാജരാക്കിയ പ്രതികളെ ചെന്നൈയിലെത്തിച്ചു. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കസ്റ്റമർ കെയർ പ്രതിനിധികളെന്ന വ്യാജേന ഫോണിൽ വിളിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സിം സേവനത്തിന്റെ കാലാവധി തീരാറായെന്നും പുതുക്കുന്നതിന് 24 മണിക്കൂറിനകം അഞ്ചുരൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇത് വിശ്വസിച്ച പരാതിക്കാരൻ തട്ടിപ്പുസംഘം പറഞ്ഞ ‘ഫാസ്റ്റ് സപ്പോർട്ട് ’ എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്ത് ബാങ്ക് വിവരങ്ങൾ നൽകി പണം അയയ്ക്കാൻ ശ്രമിച്ചു.

അത്‌ പരാജയപ്പെട്ടതായി പറഞ്ഞ പ്രതികൾ മറ്റേതെങ്കിലും ഫോണിൽനിന്ന് പുതിയ ബാങ്ക് അക്കൗണ്ടുപയോഗിച്ച് ശ്രമിക്കാൻ നിർദേശിച്ചു. ഇതനുസരിച്ച്‌ പരാതിക്കാരൻ ഭാര്യയുടെ ഫോണിലെ രണ്ട് അക്കൗണ്ടുകൾ വഴിയും പണമടയ്ക്കാൻ നോക്കി. എന്നാൽ പണം ലഭിച്ചിട്ടില്ലെന്നും കുറച്ചുകഴിഞ്ഞ് വീണ്ടും ശ്രമിക്കാനും നിർദേശിച്ച് തട്ടിപ്പുസംഘം ഫോൺവെച്ചു. തൊട്ടുപിന്നാലെ മൂന്ന് അക്കൗണ്ടുകളിൽനിന്നും പണം പിൻവലിച്ചതായി പരാതിക്കാരന് എസ്.എം.എസ്. ലഭിച്ചു. മൊത്തം 13.09 ലക്ഷംരൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു. തട്ടിപ്പുതിരിച്ചറിഞ്ഞ ഇയാൾ ഉടനെ പോലീസിൽ പരാതി നൽകുകയായിരുന്നു. ഫോൺ നമ്പറും പണംപിൻവലിച്ച ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിൽ കൊൽക്കത്തയാണ് പ്രതികളുടെ താവളമെന്ന് സൈബർ പോലീസ് കണ്ടെത്തുകയായിരുന്നു. പരാതിക്കാരനെക്കൊണ്ട് ഡൗൺലോഡ് ചെയ്യിച്ച മൊബൈൽ ആപ്പ് വഴിയാണ് തട്ടിപ്പുസംഘം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ കൈക്കലാക്കിയതെന്ന് പോലീസ് പറഞ്ഞു. അജ്ഞാതനമ്പറുകളിൽനിന്ന് ബാങ്ക് വിവരങ്ങൾ ചോദിച്ചുവരുന്ന ഫോൺ കോളുകളോട് പ്രതികരിക്കരുതെന്ന് പോലീസ് കമ്മിഷണർ ശങ്കർ ജിവാൽ മുന്നറിയിപ്പ് നൽകി. പരിചയമില്ലാത്ത ആപ്ലിക്കേഷനുകൾ ഫോണിൽ ഡൗൺലോഡ് ചെയ്യരുതെന്നും പോലീസ് അറിയിച്ചു.