ചെന്നൈ : മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. കേരളത്തിലെ പ്രളയക്കെടുതികളിലും ആശങ്ക പ്രകടപ്പിച്ച സ്റ്റാലിൻ, എല്ലാസഹായങ്ങളും കത്തിൽ വാഗ്ദാനംചെയ്തു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള താത്പര്യവും സ്റ്റാലിൻ കത്തിൽ സൂചിപ്പിച്ചു.

മുല്ലപ്പെരിയാർ അണക്കെട്ടിനെ സംബന്ധിച്ചിടത്തോളം ജലനിരപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് കത്തിൽ പറയുന്നു. കേരളത്തിന്റെ ഉദ്യോഗസ്ഥസംഘവുമായി തമിഴ്‌നാടിന്റെ ഉദ്യോഗസ്ഥർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ബുധനാഴ്ച രാവിലെ ഒമ്പതിനുള്ള കണക്കുപ്രകാരം ജലനിരപ്പ് 137.6 അടിയാണ്. സെക്കൻഡിൽ 2300 ഘനയടി വെള്ളമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

ആവശ്യപ്പെട്ടതുപോലെ വൈഗൈ അണക്കെട്ടിലെ ടണൽവഴി പരമാവധി വെള്ളം തമിഴ്‌നാട്ടിലേക്ക് എടുക്കുന്നുണ്ട്. ബുധനാഴ്ച രാവിലെമുതൽ 2300 ഘനയടി വെള്ളം എടുക്കുന്നുണ്ട്. കേന്ദ്ര ജലകമ്മിഷൻ നിശ്ചയിച്ചിരിക്കുന്ന അപ്പർ റൂൾ ലെവൽ പ്രകാരമുള്ള സംഭരണശേഷിക്കകത്താണ് ഇപ്പോഴത്തെ ജലനിരപ്പ്. ഇക്കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. ജലനിരപ്പ് നിരീക്ഷിക്കണമെന്നും ഔട്ട്ഫ്ളോ നിയന്ത്രിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

വെള്ളം തുറന്നുവിടുന്നതിനുമുമ്പായി ആവശ്യമായ മുൻകരുതലെടുക്കുന്നതിന്, ജലനിരപ്പിനെക്കുറിച്ചും വെള്ളം തുറന്നുവിടേണ്ട സാഹചര്യമുണ്ടെങ്കിൽ അതിനെക്കുറിച്ചും മുൻകൂട്ടി കേരളത്തിന് വിവരം കൈമാറണമെന്നും പ്രത്യേകം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടുസംസ്ഥാനങ്ങളുടെയും ജനങ്ങളുടെയും താത്പര്യം സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നുവെന്നും കത്തിൽ പറയുന്നു.

കേരളത്തിലെ പ്രളയത്തെക്കുറിച്ചും ജനങ്ങളനുഭവിക്കുന്ന കെടുതികളെക്കുറിച്ചും തമിഴ്‌നാട് സർക്കാരിനും ജനങ്ങൾക്കും ആശങ്കയുണ്ട്. വെല്ലുവിളി നിറഞ്ഞ ഈസമയത്ത് തങ്ങൾ കൂടെയുണ്ടാകും. ആളുകളുടെ ദുരിതം നീക്കാൻ എന്തുസഹായവും ചെയ്യാൻ തയ്യാറാണ്.

പ്രളയദുരിതാശ്വാസത്തിന് ആവശ്യമായ സഹായം നൽകണമെന്ന് അതിർത്തി ജില്ലകളിലെ കളക്ടർമാരോട് നിർദേശിച്ചിട്ടുണ്ടെന്നും സ്റ്റാലിൻ കത്തിൽ പറഞ്ഞു.