ചെന്നൈ : കള്ളക്കുറിച്ചി ജില്ലയിൽ ശങ്കരാപുരത്ത് പടക്കക്കടയിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ എണ്ണം ഏഴായി. പടക്കത്തോടൊപ്പം നാടൻ ബോംബുകൾ സൂക്ഷിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്ന് സ്ഥലം സന്ദർശിച്ച ഫൊറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.

സംഭവസ്ഥലത്തുനിന്ന് ശേഖരിച്ച പടക്കങ്ങളുടെ അവശിഷ്ടങ്ങൾ വിശദമായി പരിശോധിക്കുമെന്ന് ഫൊറൻസിക് ഉദ്യോഗസ്ഥർ പറഞ്ഞു.

എല്ലാ നടപടികളും പൂർത്തിയാക്കിയതിനുശേഷമാണോ പടക്കവിൽപ്പനയ്ക്ക് അനുമതി നൽകിയതെന്ന് പോലീസും അന്വേഷിക്കുന്നുണ്ട്. ശങ്കരാപുരത്തെ സെൽവ ഗണപതിയുടെ ഉടമസ്ഥതയിലുളള പലചരക്ക് കടയുടെ ഒരു ഭാഗത്താണ് ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്കവിൽപ്പന ആരംഭിച്ചത്. സമീപത്ത് ബേക്കറിയും പ്രവർത്തിച്ചിരുന്നു. സാധാരണഗതിയിൽ തുറസ്സായ സ്ഥലത്ത് താത്കാലികമായി കെട്ടിയുണ്ടാക്കുന്ന ഷെഡ്ഡുകളിലാണ് പടക്കവിൽപ്പന നടത്താൻ അനുമതി നൽകാറുള്ളത്.

കെട്ടിടത്തിന്റെ മുകൾനിലയിൽ ശേഖരിച്ച പടക്കങ്ങൾ പൊട്ടിത്തെറിക്കുകയും തുടർന്ന് പടക്കക്കടയിലേക്ക് പടരുകയുമായിരുന്നു. സമീപത്ത് പ്രവർത്തിച്ചിരുന്ന ബേക്കറിയിലുണ്ടായിരുന്ന പാചകവാതക സിലിൻഡറുകളും പൊട്ടിത്തെറിച്ചതോടെ സമീപ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. അഞ്ചുപേർ ചൊവ്വാഴ്ചയും രണ്ടു പേർ ബുധനാഴ്ചയും മരിച്ചു.

മരിച്ചവരിൽ കടയ്ക്ക് സമീപം പൂക്കൾ വിൽക്കുന്ന സ്ത്രീയും ഉൾപ്പെടും. മരിച്ചവരിൽ നാലുപേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ.

സമീപ പ്രദേശത്തെ 11 വയസ്സുകാരനെ കാണാനില്ലെന്നും പരാതി ഉയർന്നിട്ടുണ്ട്. പടക്കക്കട പ്രവർത്തിച്ച കെട്ടിടം പൊട്ടിത്തെറിയിൽ പൂർണമായും തകർന്നു. സമീപത്തെ കെട്ടിടങ്ങളും ഭാഗികമായി നശിച്ചു. പരിക്കേറ്റവർ ശങ്കരാപുരം ഗവ. ആശുപത്രിയിലും ചെന്നൈയിലെ കിൽപ്പോക്ക് മെഡിക്കൽ കോളേജിലും ചികിത്സയിലാണ്.

മരിച്ചവരുടെ ആശ്രിതർക്ക് അഞ്ച് ലക്ഷം രൂപ സഹായധനം

ചെന്നൈ : പടക്കക്കടയിലുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് സഹായധനമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപ വീതവും സഹായം നൽകും. സംഭവസ്ഥലം മന്ത്രി ഇ.വി. വേലു സന്ദർശിച്ചു.