ചെന്നൈ : രാജ്യത്ത് ഏറ്റവുമധികം ‘കാലാവസ്ഥ’ ദുർബലമായ ജില്ലകളിൽ ചെന്നൈയ്ക്ക് ഏഴാംസ്ഥാനം. കൗൺസിൽ ഓൺ എനർജി, എൻവയോൺമെന്റ് ആൻഡ് വാട്ടർ (സി.ഇ.ഇ.ഡബ്ല്യു.) നടത്തിയ പഠനറിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിരൂക്ഷമായ വെള്ളപ്പൊക്കത്തിനും ചുഴലിക്കാറ്റിനും സാധ്യതയുള്ള ജില്ലകളുടെപട്ടികയിലാണ് ചെന്നൈ ഏഴാം സ്ഥാനത്തുള്ളത്.

പഠനറിപ്പോർട്ടിൽ വെള്ളപ്പൊക്കത്തിന്റെയും ചുഴലിക്കാറ്റിന്റെയും വരൾച്ചയുടെയും വിളനിലമായി ചെന്നൈ മാറിയെന്ന് പറയുന്നു. കാലാവസ്ഥ ദുർബലതാസംഭവങ്ങളുടെ ആവൃത്തിയും തീവ്രതയും കണക്കിലെടുത്ത് ദക്ഷിണേന്ത്യയിൽ ചെന്നൈയും ആന്ധ്രയിലെ പശ്ചിമ ഗോദാവരിയുമാണ് അതിരൂക്ഷവെള്ളപ്പൊക്ക ഹോട്ട്സ്പോട്ട് ജില്ലകൾ. ഉത്തരാഖണ്ഡ്, തമിഴ്‌നാട്, കേരള സംസ്ഥാനങ്ങൾ ഈ ദശാബ്ദത്തിലെ ഏറ്റവും വിനാശകരമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ച ഇടങ്ങളാണെന്ന് സി.ഇ.ഇ.ഡബ്ല്യു. വിലയിരുത്തുന്നു.

പുരി, ചെന്നൈ, നെല്ലൂർ, ഘട്ടക്ക്, ഈസ്റ്റ് ഗോദാവരി, ശ്രീകാകുളം എന്നിവയാണ് ചുഴലിക്കാറ്റിൽ മുൻപന്തിയിൽ നിൽക്കുന്ന പ്രധാന ജില്ലകൾ. 2005 മുതൽ രാജ്യത്ത് കാലാവസ്ഥാ ദുർബലതയുടെ തോത് 200 ശതമാനത്തോളം വർധിച്ചുവെന്നും ഏറ്റവും വിനാശമുണ്ടായത് തമിഴ്നാട് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നും പഠനത്തിന്‌ നേതൃത്വംനൽകിയ അഭിനാഷ് മൊഹന്തി വ്യക്തമാക്കി. അതേസമയം ചെന്നൈയും സംസ്ഥാനത്തെ മറ്റ് തീരദേശജില്ലകളും തീവ്രമായ കാലാവസ്ഥാ പ്രതിഭാസങ്ങൾക്ക് സാധ്യതയുള്ളതാണെന്ന് സംസ്ഥാന പരിസ്ഥിതി സെക്രട്ടറി സുപ്രിയ സാഹു പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള തമിഴ്നാടിന്റെ കർമപദ്ധതി അന്തിമ ഘട്ടത്തിലാണ്. ജില്ലാതല പ്രവർത്തന പദ്ധതികൾ തയ്യാറാക്കുന്നതിനുള്ള ശ്രമം തുടങ്ങി. നവംബർ അവസാനത്തോടെ ഇത് പൂർത്തിയാക്കും. കാലാവസ്ഥാ വ്യതിയാന ദൗത്യത്തിനായി ബജറ്റിൽ 500 കോടി രൂപ വകയിരുത്തി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഇതിനെ മുൻഗണനാ മേഖലയാക്കിയിട്ടുണ്ടെന്നും സുപ്രിയ സാഹു വ്യക്തമാക്കി.