:20 വർഷത്തിനിടയിൽ രണ്ടുദിവസത്തിൽ കൂടുതൽ കുടുംബവുമായി ഒന്നിച്ച് ജീവിക്കുന്നത് ഇത് രണ്ടാം തവണയാണ്. ആദ്യത്തേത് 2015-ലെ വെള്ളപ്പൊക്ക സമയത്തായിരുന്നു. ഇത്തവണ അത് കൊറോണക്കാലതത്തും. കൊറോണ പ്രതിരോധത്തിന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് മുമ്പുതന്നെ ഞങ്ങൾ വീട്ടിൽ ജാഗ്രത നടപ്പാക്കിയിരുന്നു. ഒരുമാസത്തേക്കുള്ള വീട്ടുസാധങ്ങൾ ഒന്നിച്ചുവാങ്ങുന്ന രീതിയാണ് ഞങ്ങളുടേത്. ഇത്തവണ അത് കുറച്ച് കൂടുതൽ വാങ്ങി കരുതിയിരുന്നു. ലോക്‌ഡൗൺ ഉണ്ടാവുമെന്ന് മുൻകൂട്ടിക്കണ്ട് ചെയ്തതല്ലെങ്കിലും അത് ഉപകാരമായി. സ്കൂളിൽ കുട്ടികൾക്ക് അവധിനൽകിയതോടെ ഞാനും ഭാര്യ രേഖയും വീട്ടിൽത്തന്നെയായി. സ്വകാര്യകമ്പനിയിൽ ജീവനക്കാരിയായ ഭാര്യ വീട്ടിലിരുന്നുതന്നെ അത്യാവശ്യം ജോലികൾ ചെയ്തു.

ഇപ്പോൾ പത്തുദിവസത്തോളമായി ഞങ്ങൾ സ്വയം സമ്പർക്കവിലക്കിൽ വീട്ടിൽ കഴിയുകയാണ്. ഏഴാംക്ലാസിൽ പഠിക്കുന്ന മകൾ ആര്യയ്ക്കും രണ്ടാം ക്ലാസുകാരിയായ ഭദ്രയ്ക്കും ഇത് അനുഭവങ്ങളുടെ പുതിയ കാലമാണ്. രണ്ടുപേരെയും പതിയെ വീട്ടുജോലികൾ എല്ലാം പഠിപ്പിച്ചുവരികയാണ്. അടുക്കളയിൽ പാചകത്തിലും ഇപ്പോൾ ഇരുവരും സഹായിക്കുന്നുണ്ട്. സ്വന്തം തുണി കഴുകാൻ, മുറി വൃത്തിയാക്കാൻ, പാത്രം കഴുകാൻ ഒക്കെയും പഠിപ്പിക്കുന്നു. ഈ പത്തുദിവസത്തിനിടെ സ്വന്തം കലാവിരുതുകൾകൊണ്ട് ഇരുവരും രണ്ടു മുറികൾ അലങ്കരിക്കുകയും പെയിന്റടിക്കുകയും ചെയ്തു. വീട്ടിൽ കേബിൾ ടി.വി. കണക്ഷൻ ഇല്ലാത്തതിനാൽ അങ്ങനെ സമയം കളയുന്നില്ല. അത്യാവശ്യം വായനയും പുറത്ത് അവർതന്നെ വളർത്തുന്ന ചെടികൾക്കൊപ്പം സമയം ചെലവഴിച്ചും പടംവരച്ചുമൊക്കെയാണ് നേരംപോക്കുന്നത്. കൊറോണ രോഗത്തെക്കുറിച്ച് വിശദീകരിച്ച് നൽകിയിട്ടുള്ളതിനാൽ പുറത്തുപോകണമെന്ന ശാഠ്യങ്ങളൊന്നുമില്ല. ലോക്‌ ഡൗണിന്റെ ശേഷിക്കുന്ന ദിവസങ്ങളിൽ ടെറസിൽ ഒരു പച്ചക്കറിത്തോട്ടം നിർമിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ. ഹരിതം സംഘടനയുടെ പ്രവർത്തകനായിരുന്നിട്ടും സമയമില്ലാത്തതിന്റെപേരിൽ ചെയ്യാതെ നീട്ടിവെച്ചിരുന്നതാണ്. ഇത്തവണ എന്തായാലും അത് നടപ്പാക്കും.

സുരേഷ്‌കുമാർ, സൈക്കോളജി കൗൺസലർ, അണ്ണാനഗർ