ചെന്നൈ : ലൈംഗിക ചൂഷണ പരാതിയെത്തുടർന്ന് ചെന്നൈ വ്യാസർപാടിയിലെ അനാഥ മന്ദിരത്തിൽനിന്ന് 18 പെൺകുട്ടികളെ മോചിപ്പിച്ചു. ഇവിടെയുള ഒരു പെൺകുട്ടി ചൈൽഡ്‌ലൈനിന്റെ ഹെൽപ്പ്‌ലൈൻ നമ്പരിൽ വിളിച്ച് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസും ശിശുക്ഷേമ സമിതി അംഗങ്ങളും എത്തി പെൺകുട്ടികളെ രക്ഷപ്പെടുത്തുകയായിരുന്നു. ഇവരെ സർക്കാർ അഭയ കേന്ദ്രത്തിലേക്കുമാറ്റി. വ്യാസർപാടി സത്യമൂർത്തി നഗറിലെ സീർസ് റിഹാബിലിറ്റേഷൻ സൊസൈറ്റി നടത്തുന്ന അനാഥമന്ദിരത്തിലാണ് സംഭവം.
ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനത്തിന്റെ ഡയറക്ടർ കല്ല്യാണ സുന്ദരത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. 23 പെൺകുട്ടികളാണ് അനാഥ മന്ദിരത്തിലുണ്ടായിരുന്നത്. ഇതിൽ പലരും കോവിഡ് വ്യാപനത്തെത്തുടർന്ന് അകന്ന ബന്ധുക്കളുടെ വീട്ടിൽ പോയിരുന്നു. 18 പേർ മാത്രമായിരുന്നു താമസക്കാർ. കല്യാണ സുന്ദരവും മകനും സഹോദരനും ചേർന്ന് പലപ്പോഴായി പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. സ്ഥാപനം അധികൃതർ മുദ്രവെച്ചു. ചെന്നൈയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനാഥ മന്ദിരങ്ങൾക്കെതിരേ കടുത്തനടപടി സ്വികരിക്കുമെന്ന് ശിശുസംരക്ഷണ വകുപ്പ് മുന്നറിയിപ്പു നൽകി.