ചെന്നൈ : ഖരഗ്‌പുർ റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് തിരഞ്ഞെടുത്ത അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ ദക്ഷിണ റെയിൽവേയിലെ ഒഴിവുകളിലേക്ക് നിയമിച്ച നടപടി പിൻവലിക്കണമെന്ന് സു.വെങ്കിടേശൻ എം.പി. റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടു. ദക്ഷിണ റെയിൽവേയിലെ അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെ ഒഴിവുകളിലേക്ക് നിയമിക്കാനായി ചെന്നൈ ആർ.ആർ.ബി. നടത്തിയ പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് നിലവിലിരിക്കെയാണ് ഉത്തരേന്ത്യയിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 54 പേരെ ദക്ഷിണ റെയിൽവേയിൽ നിയമിച്ചത്.

ചെന്നൈ ആർ.ആർ.ബി.യുടെ ലോക്കോപൈലറ്റ് പരീക്ഷ എഴുതി വിജയിച്ച 60 പേർ ലിസ്റ്റിലുണ്ടെന്ന് സു. വെങ്കിടേശൻ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിന് അയച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ദക്ഷിണ റെയിൽവേയിലേക്ക് അപേക്ഷിച്ച് പരീക്ഷയെഴുതി വിജയിക്കുന്നവരെ ദക്ഷിണറെയിൽവേയിൽത്തന്നെ നിയമിക്കണം. മറ്റ് റെയിൽവേ സോണുകളിലേക്ക് പരീക്ഷയെഴുതി ജയിച്ചവരെ ദക്ഷിണ റെയിൽവേയിൽ നിയമിക്കുന്നത് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡിന്റെ വ്യവസ്ഥകൾ ലംഘിക്കുന്നതിന് തുല്യമാണ്. ദക്ഷിണ റെയിൽവേയിലെ ടെക്‌നീഷ്യൻമാരുടെ ഒഴിവുകളിലേക്ക് 60 ശതമാനം പേരെ നിയമിച്ചിരിക്കുന്നത് ഉത്തരേന്ത്യയിലെ വിവിധ സോണുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരെയാണ്. തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് ദക്ഷിണ റെയിൽവേയിലേക്കുള്ള ഒഴിവുകളിലേക്ക് പരീക്ഷ എഴുതുന്നത്. പലരും നീണ്ടകാലം കോച്ചിങ് ക്ലാസുകളിൽപ്പോയി പഠിച്ചാണ് റെയിൽവേ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവർ ഒടുവിൽ ഒഴിവാക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല -സു. വെങ്കിടേശൻ ചൂണ്ടിക്കാട്ടി.