ചെന്നൈ : തമിഴ്‌നാട്ടിൽ നടത്തിയ മൂന്നാം വാക്സിൻ ഡ്രൈവും വൻ വിജയം. 15 ലക്ഷം പേർക്ക് വാക്സിൻ നൽകാനായിരുന്നു ലക്ഷ്യമിട്ടിരുന്നതെങ്കിലും ഉച്ചയ്ക്ക് 2.15 മണിയോടെത്തന്നെ ലക്ഷ്യം കൈവരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. 3.15-ഓടെ 16.58 ലക്ഷം പേർക്കും വൈകീട്ട് 5.30-ഓടെ 19 ലക്ഷം പേർക്കും വാക്സിൻ നൽകി. വൈകീട്ട് 6.40-ന് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 22.08 ലക്ഷമായി ഉയർന്നു. 7.54-ഓടെ 24,85,814 പേർ വാക്സിൻ സ്വീകരിച്ചു. ഇവരിൽ 14,90,814പേർ ഒറ്റഡോസും 9,95,000പേർ രണ്ടാംഡോസ് വാക്സിനും സ്വീകരിച്ചു. 23,000 കേന്ദ്രങ്ങളാണ് സംസ്ഥാനവ്യാപകമായി തയ്യാറാക്കിയത്. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെയാണ് വാക്സിൻ ഡ്രൈവ് സംഘടിപ്പിച്ചിരുന്നത്.

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ തയ്യാറാക്കിയ കേന്ദ്രത്തിലും പട്ടാളം ദക്ഷിണാമൂർത്തി കല്യാണ മണ്ഡപം, അയനാവരം ബെത്‌ഹേൽ തുടങ്ങിയ സ്ഥലങ്ങളിലെ വാക്സിൻ കേന്ദ്രങ്ങളും സന്ദർശിച്ചു. ആരോഗ്യവകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണൻ, ചെന്നൈ കോർപ്പറേഷൻ കമ്മിഷണർ ഗഗൻ ദീപ് സിങ് തുടങ്ങിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

മുഖ്യമന്ത്രി പൊതുജനങ്ങളോടു കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യതയെക്കുറിച്ച് അഭിപ്രായങ്ങളും ആരാഞ്ഞു. ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ തിരുച്ചിറപ്പള്ളി, തഞ്ചാവൂർ, കടലൂർ, മൈലാടുതുറൈ എന്നീ ജില്ലകളിലെ വാക്സിൻ കേന്ദ്രങ്ങൾ സന്ദർശിച്ചു. കഴിഞ്ഞ 19-ന് നടന്ന മെഗാവാക്സിൻ ഡ്രൈവിൽ 16.43 ലക്ഷംപേർക്കും 12-ന് നടന്ന മെഗാവാക്സിൻ ഡ്രൈവിൽ 28.91 ലക്ഷത്തിലധികം പേർക്കും വാക്സിൻ നൽകിയിരുന്നു.

എല്ലാവർക്കും ഒറ്റ ഡോസ് വാക്സിൻ നൽകാൻ കേന്ദ്ര സർക്കാർ കൂടുതൽ വാക്സിൻ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു.

വാക്സിനേഷനിൽ ദേശീയ ശരാശരി 62 ശതമാനമാണ്. തമിഴ്‌നാട്ടിൽ 58 ശതമാനം പേർ മാത്രമാണ് ഇതുവരെ വാക്സിൻ സ്വീകരിച്ചത്. കേന്ദ്രത്തിൽനിന്ന് കൃത്യമായി വാക്സിൻ ലഭിക്കാഞ്ഞതിനാൽ കഴിഞ്ഞയാഴ്ച എതാനും ദിവസം വാക്സിൻ വിതരണം മുടങ്ങിയിരുന്നു.

ചെന്നൈയിൽ രണ്ടാം ഡോസ് വാക്സിൻ എടുത്തവരുടെ എണ്ണം 34 ശതമാനവും നീലഗിരിയിൽ 29 ശതമാനവും കോയമ്പത്തൂരിൽ 26 ശതമാനവും വിരുദുനഗറിൽ 21 ശതമാനവും ചെങ്കൽപ്പെട്ടിൽ 20 ശതമാനവുമാണ്. എന്നാൽ, മറ്റ് ജില്ലകളിൽ 20 ശതമാനത്തിന് താഴെ പേർ മാത്രമാണ് രണ്ടാം ഡോസ് എടുത്തത്.

സെപ്റ്റംബർ അവസാനത്തോടെ വാക്‌സിൻ സ്വീകരിച്ചവർ അഞ്ചുകോടിയാകും

ചെന്നൈ : സെപ്റ്റംബർ 30-ഓടെ തമിഴ്‌നാട്ടിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം അഞ്ചുകോടിയായി ഉയരുമെന്ന് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ പറഞ്ഞു. ഇതുവരെ 4.43 കോടി കോവിഡ് വാക്സിൻ കുത്തിവെച്ചു. ഈ മാസം അവസാനത്തോടെ അത് അഞ്ച് കോടിയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഓരോ ആഴ്ചയും 50 ലക്ഷം വാക്സിൻ അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത ആഴ്ചയും 50 ലക്ഷം വാക്സിൻ ലഭിച്ചാൽ അടുത്ത ഞായറാഴ്ചയും മെഗാ വാക്സിൻ ഡ്രൈവ് നടത്തും.

തമിഴ്‌നാട്ടിൽ 500 ഗ്രാമങ്ങളിലുള്ള എല്ലാവരും ആദ്യഡോസ് വാക്സിൻ സ്വീകരിച്ചു. ഇതിൽ 21 എണ്ണം തഞ്ചാവൂരിലാണ്- ആരോഗ്യമന്ത്രി പറഞ്ഞു.