ചെന്നൈ : വടക്കുകിഴക്കൻ കാലവർഷത്തോടനുബന്ധിച്ച് വെള്ളക്കെട്ട് ഇല്ലാതാക്കാൻ ജലാശയങ്ങളിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ.

മഴവെള്ളം ഒഴുകിപ്പോകാനുള്ള ഒാടകളിലെ മാലിന്യം നീക്കംചെയ്തെന്ന് ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടു.

കാലവർഷത്തിന്റെ മുന്നോടിയായി നടത്തിയ ഒരുക്കങ്ങളെക്കുറിച്ച് വീഡിയോ കോൺഫറൻസ് വഴി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രകൃതിയെ പരിപാലിച്ചാൽ ദുരന്തങ്ങൾ ഒഴിവാക്കാമെന്നും ജലാശയങ്ങൾ സംരക്ഷിച്ചാൽ ഒരു പരിധിവരെ വെള്ളക്കെട്ടിന് പരിഹാരമാകുമെന്നും സ്റ്റാലിൻ പറഞ്ഞു.

വീടുകളിലും പാർപ്പിട സമുച്ചയങ്ങളിലും സ്ഥാപിച്ചിട്ടുള്ള മഴവെള്ള സംഭരണികൾ കൃത്യമായി പരിപാലിക്കണം. മഴവെള്ള സംഭരണികൾ ഇനിയും സ്ഥാപിക്കാത്തവർ അവ സ്ഥാപിക്കണം. പൊതുസ്ഥലങ്ങൾ ഉൾപ്പെടെ ഒരിടത്തും മഴവെള്ളം കെട്ടിനിൽക്കാതെ ഒഴുകിപ്പോകാനുള്ള വഴിയുണ്ടാക്കണം. കൊതുകുകൾ പെറ്റുപെരുകാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണം -മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജലസംരണികളിലെ ജലനിരപ്പും മഴയെക്കുറിച്ചുള്ള അറിയിപ്പുകളും ഉടൻ വാർത്താമാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.