ചെന്നൈ: പ്രത്യേക തീവണ്ടികൾക്ക് പകരം സാധാരണ തീവണ്ടി സർവീസുകൾ പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ചെവിക്കൊള്ളാതെ റെയിൽവേ.

നിലവിലുള്ള സമയപ്പട്ടിക പ്രകാരം 2022 ജൂൺ വരെ പ്രത്യേക തീവണ്ടികൾ മാത്രമേ ഒാടുകയുള്ളൂ. സാധാരണ സർവീസുകൾക്ക് പകരം ഇപ്പോൾ ഓടിക്കുന്ന പ്രത്യേക തീവണ്ടികളിൽ മുതിർന്ന പൗരന്മാർ, രോഗികൾ, അംഗപരിമിതർ, വിദ്യാർഥികൾ, കായികതാരങ്ങൾ എന്നിവർക്ക് യാത്രാ ഇളവുകളില്ല.

ടിക്കറ്റ് നിരക്കിൽ ഇളവ് നൽകാത്തതിനാൽ ഒരുവർഷം 1,400 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിക്കുന്നതെന്ന് റെയിൽവേ കോമേഴ്‌സ്യൽ വിഭാഗത്തിലെ കണക്കുകൾ പറയുന്നു. സി.എ.ജി. റിപ്പോർട്ട് പ്രകാരം തീവണ്ടിയിൽ റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവരിൽ 11.34 ശതമാനം പേർക്ക് യാത്രാനിരക്കിൽ ഇളവുകൾ ലഭിക്കുന്നുണ്ട്.

യാത്രാ ഇളവുകൾ ലഭിക്കുന്ന മൊത്തം യാത്രക്കാരിൽ 52.5 ശതമാനം പേർ മുതിർന്ന പൗരന്മാരാണ്. റെയിൽവേ ജീവനക്കാർ (37.2 ശതമാനം), രോഗികൾ (3.8 ശതമാനം), അംഗപരിമിതർ, ഭിന്നശേഷിക്കാർ (3.6 ശതമാനം), മറ്റു വിഭാഗത്തിൽപ്പെട്ടവർ (2.9 ശതമാനം) എന്നിവർക്കും ഇളവുകളുണ്ട്. ഇത്തരം യാത്രക്കാരിൽനിന്ന് 50 ശതമാനം തുക മാത്രമാണ് ഈടാക്കിയിരുന്നത്.

വിവിധ വിഭാഗങ്ങൾക്ക് യാത്രാനിരക്കിലുള്ള ഇളവുകൾ ഉടൻ പുനഃസ്ഥാപിക്കണമെന്ന് വിവിധ പാസഞ്ചർ അസോസിയേഷനുകൾ ആവശ്യപ്പെട്ടിരുന്നു. സീസൺ ടിക്കറ്റുകൾ അനുവദിക്കണമെന്ന ആവശ്യവും ഇതുവരെ പരിഗണിച്ചിട്ടില്ല.