ചെന്നൈ : മുൻ മുഖ്യമന്ത്രി ജയലളിത ചികിത്സയിലിരിക്കെ, അന്നത്തെ എ.ഐ.എ.ഡി.എം.കെ. സർക്കാർ ആവശ്യപ്പെട്ടതിനാലാണ് സി.സി.ടി.വി. ക്യാമറകൾ നീക്കിയതെന്ന് അപ്പോളോ ആശുപത്രി.

ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞസർക്കാർ നിയോഗിച്ച റിട്ട. ജസ്റ്റിസ് എ. ആറുമുഖസ്വാമി കമ്മിഷനെതിരേ ആശുപത്രി അധികൃതർ സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്.

സർക്കാർനിർദേശപ്രകാരം ക്യാമറകൾ നീക്കിയതായി നേരത്തേ ആരോപണമുയർന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് സുപ്രീംകോടതിയിലെ ആശുപത്രിയുടെ വിശദീകരണം.

സ്വകാര്യത ആവശ്യപ്പെട്ടതിനാലാണ് ക്യാമറകൾ നീക്കിയതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആറുമുഖം കമ്മിഷനിൽ വിശ്വാസമില്ലെന്നും ആശുപത്രി സുപ്രീംകോടതിയെ അറിയിച്ചു.

ഏകപക്ഷീയമായാണ് കമ്മിഷന്റെ പ്രവർത്തനമെന്ന് ആശുപത്രി അധികൃതർ ആരോപിച്ചു. രാഷ്ട്രീയനേതാക്കളായ പലരുടെയും മൊഴിയെടുക്കാതെ ഡോക്ടർമാരെമാത്രം വീണ്ടും വീണ്ടും സമൻസയച്ച് വിളിപ്പിക്കുകയാണ്.

കമ്മിഷനിൽ അറിയിക്കുന്ന പലകാര്യങ്ങളും മാധ്യമങ്ങൾക്ക് ലഭിക്കുന്നുണ്ട്. ആശുപത്രിയുടെ സത്‌പേരിനെ ബാധിക്കുന്ന വിഷയമായതിനാൽ എതിർക്കാൻ അവകാശമുണ്ട്. തങ്ങൾക്കുപറയാനുള്ളത് കോടതിയിൽ അറിയിക്കാം. കമ്മിഷനുമുന്നിൽ ഹാജരാകാനാകില്ലെന്നും അപ്പോളോ ആശുപത്രി കോടതിയിൽ അറിയിച്ചു.

2017 സെപ്റ്റംബറിലാണ് അന്നത്തെ എ.ഐ.എ.ഡി.എം.കെ. സർക്കാർ ആറുമുഖസ്വാമി കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്റെ പ്രവർത്തനത്തിനായി മൂന്നരക്കോടി രൂപയിലേറെ ചെലവഴിച്ചതായി കഴിഞ്ഞയിടെ വിവരാവകാശരേഖ പുറത്തുവന്നിരുന്നു.

കമ്മിഷന്റെ കാലാവധി അടുത്തവർഷം ജനുവരിവരെ നീട്ടിനൽകിയിട്ടുണ്ട്.