ചെന്നൈ : കോർപ്പറേഷൻ പരിധിയിലെ റോഡ് പുനർനിർമാണത്തിനുള്ള 660 കരാറുകൾ ക്രമക്കേടുകൾ കണ്ടെത്തിയതിനെത്തുടർന്ന് റദ്ദാക്കി. കഴിഞ്ഞ എ.ഐ.എ.ഡി.എം.കെ. സർക്കാരിന്റെ കാലത്ത് നൽകിയ കരാറുകളാണ് റദ്ദാക്കിയത്. ഒരുതകരാറുമില്ലാത്ത റോഡുകൾവരെ പുനർനിർമിക്കാൻ കരാർ നൽകുകയായിരുന്നുവെന്ന് കണ്ടെത്തിയതോടെയാണ് ഇതിനെതിരേ നടപടിയുണ്ടായത്.

കരാറുകൾ റദ്ദാക്കിയതിലൂടെ 43 കോടി രൂപയുടെ ലാഭം കോർപ്പറേഷനുണ്ടായതായാണ് കണക്കാക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽവരുന്നതിന് മുമ്പ് ചെന്നൈയിലെ തകർന്ന റോഡുകൾ പുനർനിർമിക്കാൻ കരാർ നൽകുകയായിരുന്നു. മാർച്ച് ഒന്നിനാണ് പെരുമാറ്റച്ചട്ടം നിലവിൽവന്നത്. ഫെബ്രുവരിയിലായിരുന്നു ചെറുതും വലുതുമായ 3200 റോഡുകൾ പുനർനിർമിക്കാൻ കരാർനൽകിയത്. തിടുക്കത്തിൽ കരാർ നൽകിയപ്പോൾ നല്ലനിലയിലുള്ള റോഡുകളും ഇതിൽ ഉൾപ്പെടുത്തുകയായിരുന്നു.

ക്രമക്കേട് സംശയത്തെ തുടർന്ന് നിർമാണം നടത്താനുള്ള റോഡുകളിൽ നേരിട്ട് പരിശോധന നടത്താൻ കോർപ്പറേഷൻ കമ്മിഷണർ ഗഗൻദീപ് സിങ് ബേദി എക്സിക്യുട്ടീവ് എൻജിനിയർമാരോടും ഡെപ്യൂട്ടി കമ്മിഷണർമാരോടും നിർദേശിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ രണ്ടാഴ്ച നീണ്ട പരിശോധനകൾക്ക് ഒടുവിലാണ് 660 കരാറുകൾ അനാവശ്യമാണെന്ന് കണ്ടെത്തിയത്. ഈ കരാറുകളിൽ ഉൾപ്പെട്ട റോഡുകളിൽ മിക്കതും അര കിലോമീറ്ററിനുള്ളിൽ ദൈർഘ്യമുള്ള ഉൾറോഡുകളാണ്.