ചെന്നൈ : സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി കുറഞ്ഞു. ചെന്നൈയടക്കം എട്ടുജില്ലകളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് ഒരു ശതമാനത്തിൽ താഴെയായി. 30 ജില്ലകളിലാകട്ടെ രണ്ടു ശതമാനത്തിൽ താഴെയും. മൂന്നു ശതമാനത്തിൽ കൂടുതൽ പോസിറ്റിവിറ്റി ഒരു ജില്ലയിലുമില്ല.

പ്രതിദിനം ഒന്നരലക്ഷത്തോളം സാംപിളുകൾ പരിശോധിക്കുമ്പോൾ സംസ്ഥാനത്തെ ആകെ ശരാശരി പോസിറ്റിവിറ്റി 1.3 ശതമാനമാണ്. ഒരു ഘട്ടത്തിൽ 12 ശതമാനം വരെയായി ഉയർന്നിട്ടാണ് ഇപ്പോൾ വൻകുറവുണ്ടായിരിക്കുന്നത്. ജില്ലകളിൽ മധുരയിലാണ് ഏറ്റവും കുറവ് ടെസ്റ്റ് പോസിറ്റിവിറ്റി. ഞായറാഴ്ച 0.3 ശതമാനമായിരുന്നു ഇവിടെ രേഖപ്പെടുത്തിയത്. 7,430 സാംപിൾ പരിശോധിച്ചപ്പോൾ 26 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മുമ്പ് ചെന്നൈയ്‌ക്കൊപ്പം ഏറ്റവും കൂടുതൽ പ്രതിദിന രോഗികളുണ്ടായിരുന്ന ജില്ലയായിരുന്നു മധുര.

ചെന്നൈയിലും കേരളവുമായി അതിർത്തി പങ്കിടുന്ന തെങ്കാശി ജില്ലയിലും അരശതമാനമാണ് പോസിറ്റിവിറ്റി. ഞായറാഴ്ച ചെന്നൈയിൽ 23,000-ത്തിനു മുകളിൽ സാംപിൾ പരിശോധിച്ചപ്പോൾ 127 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തെങ്കാശിയിൽ 1,600-ലേറെ സാംപിൾ പരിശോധിച്ചപ്പോൾ ഒമ്പതുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ദിണ്ടിക്കൽ, തേനി (ഇരുജില്ലകളിലും 0.6 ശതമാനം), കരൂർ, തിരുവാരൂർ (0.8 ശതമാനം), പെരമ്പല്ലൂർ (0.9 ശതമാനം) എന്നിവയാണ് ഒരു ശതമാനത്തിൽ താഴെ പോസിറ്റിവിറ്റിയുള്ള മറ്റ് ജില്ലകൾ.

പോസിറ്റിവിറ്റി ഏറ്റവും കൂടുതൽ കടലൂരിലാണ്. ഇവിടെ 2.9 ശതമാനമാണ് നിരക്ക്. തഞ്ചാവൂർ (2.4 ശതമാനം), നീലഗിരി, അരിയല്ലൂർ (ഇരുജില്ലകളിലും 2.2 ശതമാനം), സേലം, കോയമ്പത്തൂർ (2.1 ശതമാനം), വിഴുപുരം, പുതുക്കോട്ട (രണ്ടുശതമാനം) എന്നിവയാണ് പോസിറ്റിവിറ്റി കൂടിയ മറ്റു ജില്ലകൾ.

1,785 പേർക്കുകൂടി കോവിഡ്; 26 മരണം

ചെന്നൈ : തമിഴ്‌നാട്ടിൽ 1,785 പേർക്കുകൂടി കോവിഡ് ബാധിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 25,50,282 ആയി ഉയർന്നു. 26 പേർകൂടി മരിച്ചു. മരണസംഖ്യ 33,937 ആയി. 2,361 പേർകൂടി രോഗമുക്തരായി. ഇതുവരെ സുഖം പ്രാപിച്ചവർ: 24,93,583. നിലവിൽ ചികിത്സയിലുള്ളത് 22,762 പേരാണ്.

കോയമ്പത്തൂരിൽ 164 പേർക്കും ഈറോഡിൽ 127 പേർക്കും ചെന്നൈയിൽ 122 പേർക്കും തഞ്ചാവൂരിൽ 103 പേർക്കും സേലത്ത് 102 പേർക്കും രോഗം സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ 2028 പേരും ചെന്നൈയിൽ 1502 പേരും ഈറോഡിൽ 1494 പേരും സേലത്ത് 1448 പേരുമാണ് ചികിത്സയിലുള്ളത്. കോയമ്പത്തൂരിലും തഞ്ചാവൂരിലും നാലുപേർ വീതവും ചെന്നൈ, കന്യാകുമാരി, സേലം, നീലഗിരി എന്നീജില്ലകളിൽ രണ്ടുപേർ വീതവും മരിച്ചു. 33 ജില്ലകളിൽ 100-ൽതാഴെ പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,37,292 പേരുടെ സാംപിളുകളാണ് പരിശോധിച്ചത്.