ചെന്നൈ : രാമേശ്വരത്തെ പാമ്പൻപാലത്തിന്റെ തൂണിൽ ബാർജ് ഇടിച്ചു. പാലത്തിന് അടിയിലൂടെ ബാർജ് കടന്നുപോകുമ്പോൾ ഇടിക്കുകയായിരുന്നു. തൂണിന് കേടുപാടുകളില്ലെന്നാണ് പ്രാഥമികനിഗമനം. പാമ്പൻപാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ നിർമാണത്തിനായി വിഴിഞ്ഞത്തുനിന്ന് കൊണ്ടുവന്നതായിരുന്നു ബാർജ്‌. തൂണിൽ ഇടിച്ചതിനെ ത്തുടർന്ന് നിർത്തിയ ബാർജിന്റെ പിൻഭാഗത്ത് രണ്ട് ബോട്ടുകളും ഇടിച്ചു. ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തൂണുകൾ റെയിൽവേ എൻജിനിയർമാർ പരിശോധിച്ചു.

പുതിയ പാലം പണിയുന്നതിന്റെ ഭാഗമായി പാലത്തിലൂടെ ഒരുമാസമായി ഗതാഗതം നിർത്തിവെച്ചിരിക്കയാണ്. രാമേശ്വരം ഉൾപ്പെടുന്ന പാമ്പൻദ്വീപിനും പാക് കടലിടുക്കിനും കുറുകെയാണ് പാലം. 2345 മീറ്റർ നീളമുള്ള പാമ്പൻപാലം രാജ്യത്തെ ഏറ്റവുംനീളമുളള പാലമാണ്. കപ്പലുകൾക്ക് പോകാൻ സൗകര്യമൊരുക്കുന്ന രീതിയിലാണ് പാലത്തിന്റെ നിർമാണം.