ചെന്നൈ : സംസ്ഥാനത്ത് 2021-‘22 അധ്യയനവർഷത്തെ കോളേജ് പ്രവേശനത്തിന് തിങ്കളാഴ്ച മുതൽ അപേക്ഷിക്കാം. ആർട്സ് ആൻഡ് സയൻസ്, എൻജിനിയറിങ് കോളേജുകളിലേക്ക് അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനത്തെ 143 ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് അടുത്തമാസം പത്തുവരെ അപേക്ഷിക്കാമെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. www.tngasa.org, www.tngasa.in എന്നീ വെബ്‌സൈറ്റുകളിൽ തിങ്കളാഴ്ചമുതൽ അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാൻ സാധിക്കാത്തവർക്ക് അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ വഴി നേരിട്ടും അപേക്ഷനൽകാം. സെന്ററുകളുടെ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഫീസ് ഓൺലൈനായി അടയ്ക്കാം. ജനറൽ വിഭാഗത്തിൽനിന്നുള്ള വിദ്യാർഥികൾ 48 രൂപ അപേക്ഷാഫീസും രണ്ടുരൂപ രജിസ്‌ട്രേഷൻ ഫീസും അടയ്ക്കണം. എസ്.സി., എസ്.ടി. വിദ്യാർഥികൾക്ക് അപേക്ഷാഫീസില്ല. രജിസ്‌ട്രേഷൻ ഫീസായ രണ്ടുരൂപ അടച്ചാൽ മതിയാകും. ഓൺലൈനായി ഫീസടയ്ക്കാൻ സാധിക്കാത്തവർക്ക് തുക ചലാനായി അടച്ച് അഡ്മിഷൻ ഫെസിലിറ്റേഷൻ സെന്ററുകൾ വഴി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും.

എൻജിനിയറിങ് കോഴ്‌സുകൾ

: എൻജിനിയറിങ് ബിരുദ കോഴ്‌സുകളിലേക്ക് തിങ്കളാഴ്ചമുതൽ ഓഗസ്റ്റ് 24 വരെ അപേക്ഷിക്കാമെന്ന് സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് അറിയിച്ചു. ഓൺലൈനായി www.tneaonline.org, www.tndte.gov.in എന്നീ വെബ്‌സൈറ്റുകളിൽ വേണം അപേക്ഷിക്കാൻ. സെപ്റ്റംബർ നാലിന് റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ ഏഴുമുതൽ ഒക്ടോബർ നാലുവരെ കൗൺസലിങ് നടക്കും. ഒക്ടോബർ 20-നകം കൗൺസലിങ് പൂർത്തിയാക്കി വിദ്യാർഥി പ്രവേശനം തുടങ്ങുമെന്നും ഡയറക്ടറേറ്റ് അറിയിച്ചു. അപേക്ഷകരുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ കോളേജുകളിൽ സീറ്റ് ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.