ഹൈദരാബാദ് : തെലങ്കാനയിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ മകനും വ്യവസായ, ഐ.ടി., മുനിസിപ്പൽ നഗരവികസന മന്ത്രിയുമായ കെ.ടി. രാമാറാവുവിനെ മുഖ്യമന്ത്രിയാക്കാൻ ശക്തമായ നീക്കം. ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രസമിതിയിലെ (ടി.ആർ.എസ്.) എല്ലാ മുതിർന്ന നേതാക്കളും ഒരേസ്വരത്തിൽ ഈ ആവശ്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം പാർട്ടിയിൽ ഈ ആവശ്യം ഉയർന്നെങ്കിലും പാർട്ടി സ്ഥാപകൻ ചന്ദ്രശേഖർ റാവുവിന്റെ നിലപാട് വ്യക്തമാകാത്തതിനാൽ ഇതേക്കുറിച്ച് കൂടുതൽ ചർച്ചകൾ ഉണ്ടായില്ല.
എന്നാൽ, ഇപ്പോൾ അദ്ദേഹത്തിന്റെ മനസ്സുകൂടി അറിഞ്ഞിട്ടായിരിക്കണം പാർട്ടിയിലെ പ്രമുഖ നേതാക്കൾ ഈ പ്രശ്നം പരസ്യമായി ഉന്നയിച്ചിരിക്കുന്നതെന്നാണ് കരുതുന്നത്. മന്ത്രിമാരായ ശ്രീനിവാസ യാദവ്, ദയാകർ റാവു, സ്പീക്കർ പി. ശ്രീനിവാസ റെഡ്ഡി, ലെജിസ്‌ലേറ്റീവ് കൗൺസിൽ ചെയർമാൻ ജി. സുഖേന്തർ റെഡ്ഡി, ഡെപ്യൂട്ടി സ്പീക്കർ പദ്മാറാവു തുടങ്ങി ഒട്ടേറെ എം.എൽ.എ.മാരും എം.പി.മാരും ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്.
ഇതിനിടെ, സർക്കാർ ചീഫ് വിപ്പ് ഡി. വിനയ് ഭാസ്കർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രാമാറാവു ഉടൻ തന്നെ അവരോധിക്കപ്പെടുമെന്ന് പറയുകയുംചെയ്തു. എന്നാൽ, മുഖ്യമന്ത്രിയോ മകനോ ഇതേക്കുറിച്ച് ഒന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല. തെലങ്കാനയിലെ തിരുപ്പതി എന്നറിയപ്പെടുന്ന യാദഗിരി ഗുട്ട ക്ഷേത്രസമുച്ചയ ഉദ്ഘാടനത്തിന് ശേഷം രാമാറാവുവിനെ മുഖ്യമന്ത്രി ആക്കിയേക്കുമെന്നാണ് സൂചന.