ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മധുര, രാമനാഥപുരം, ചെന്നൈ എന്നിവിടങ്ങളിൽ 207 കോടി രൂപയുടെ ഭൂമി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 3,850 ഏക്കറിൽ 1,081 സ്ഥാവര വസ്തുക്കളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് താത്കാലികമായി കണ്ടുകെട്ടിയത്.
ഡിസ്ക് അസറ്റ്‌സ് ലീഡ് ഇന്ത്യ, ഈഗിൾസ് ഐ റിയൽ എസ്റ്റേറ്റ്‌സ്, മെഡോ റിയൽറ്റേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെയും ഇവയുടെ മാനേജർമാരുടെയും പേരിലാണിവ. കമ്പനികൾക്കും അവയുടെ ഡയറക്ടർമാരായ വി.ജനാർദനൻ, എൻ. ഉമാശങ്കർ, എൻ. അരുൺകുമാർ, സി. ശ്രീനിവാസൻ, ടി.ശ്യാംചന്ദർ, എസ്. ജീവലത എന്നിവർക്കെതിരേ 2006-ൽ ഫയൽ ചെയ്ത വഞ്ചനാ കേസിലാണ് നടപടി. തമിഴ്‌നാട്ടിലെയും കേരളത്തിലെയും വിവിധ ആളുകളെ വഞ്ചിച്ചതായി പരാതി ഉണ്ടായിരുന്നു. ഭൂമി നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1273 കോടി രൂപയാണ് പൊതുജനങ്ങളിൽനിന്ന് ഇവർ പിരിച്ചെടുത്തതെന്ന് എൻഫോഴ്‌സ്‌മെന്റ് അധികൃതർ അറിയിച്ചു.