ചെന്നൈ : അനർഹരെ ഒഴിവാക്കാൻ സർക്കാരിന്റെ ക്ഷേമപദ്ധതികൾ ആധാറുമായി ബന്ധിപ്പിക്കാൻ ഒരുങ്ങി തമിഴ്‌നാട് സർക്കാർ. കഴിയുന്നത്ര പദ്ധതികളിൽ ആധാർ നിർബന്ധമാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. കോവിഡ് ദുരിതാശ്വാസ സഹായം അടക്കമുള്ള പദ്ധതികളുടെ ഗുണഫലങ്ങൾ അനർഹരിലെത്തുവെന്ന ആക്ഷേപമുണ്ട്.

സ്വർണവായ്പ എഴുതിത്തള്ളൽ പദ്ധതിയിൽ വലിയ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. തുടർന്നാണ് ആധാറുമായി ബന്ധിപ്പിച്ച് പദ്ധതികൾ നടപ്പാക്കാൻ തീരുമാനിച്ചത്.

സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന കുടുംബങ്ങളുടെ അഞ്ച് പവൻ വരെയുള്ള സ്വർണവായ്പകൾ എഴുതിത്തള്ളുന്നതിനായിരുന്നു സർക്കാർ തീരുമാനിച്ചത്. സഹകരണ ബാങ്കുകളിലെ വായ്പയായിരുന്നു എഴുതിത്തള്ളിയത്.

ഒരു കുടുംബത്തിന്റെ ഒരു വായ്പ എഴുതിത്തള്ളുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഒരേ ആളുകളുകൾ പല സഹകരണബാങ്കുകളിലായി വായ്പ എടുക്കുകയും അത് പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്തരത്തിലുള്ള ക്രമക്കേട് ഒഴിവാക്കാനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതെന്നാണ് സർക്കാർ വിശദീകരണം.