ചെന്നൈ : സംസ്ഥാനത്ത് ഒറ്റരാത്രിയിൽ നടത്തിയ റെയ്ഡിൽ 450 റൗഡികൾ പിടിയിലായി. മൂന്ന് തോക്കുകളും 250 മരകായുധങ്ങളും പിടിച്ചെടുത്തു. സംസ്ഥാനത്ത്‌ പലയിടങ്ങളിലും ജാതിയെ ചൊല്ലിയുള്ള കൊലപാതകങ്ങളും റൗഡികൾ തമ്മിലുള്ള ഏറ്റുമുട്ടലും വർധിച്ചതിനെ തുടർന്നാണ് മിന്നൽ റെയ്ഡ് നടത്തിയത്.

സംസ്ഥാനത്ത് വിവിധ കുറ്റകൃത്യങ്ങളിൽ 870 പേരെ പിടികൂടാനാണ് വ്യാഴാഴ്ച രാത്രി പോലീസ് തിരച്ചിൽ നടത്തിയത്. പിടികൂടിയവരിൽ 450 പേരിൽ 181 പേർക്കെതിരേ നേരത്തേ അറസ്റ്റ് വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു. ചെന്നൈയിൽ എം.കെ.ബി.നഗർ, ശാസ്ത്രി നഗർ, റോയപ്പേട്ട, ട്രിപ്ലിക്കേൻ, വടക്കൻ ചെന്നൈ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 70 പേർ അറസ്റ്റിലായി. 50 മരകായുധങ്ങൾ പിടിച്ചെടുത്തു. തൂത്തുക്കുടിയിൽ നടത്തിയ തിരച്ചിലിൽ 103 പേരും തഞ്ചാവൂരിൽ 63 പേരും വിരുദുനഗറിൽ 53 പേരും ശിവഗംഗയിലും തിരുനെൽവേലിയിലും 37 പേർ വീതവും വെല്ലൂരിൽ 51 പേരും തിരുപ്പത്തൂരിൽ 42 പേരും അറസ്റ്റിലായി. അരിയല്ലൂർ, സേലം, ഈറോഡ്, തിരുപ്പത്തൂർ, റാണിപ്പെട്ട് എന്നിവിടങ്ങളിലും റൗഡികൾ അറസ്റ്റിലായിട്ടുണ്ട്.

കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മാത്രം സംസ്ഥാനത്ത് നാലു പേരുടെ മൃതദേഹമാണ് തലയറ്റനിലയിൽ കണ്ടെത്തിയിരുന്നത്. ആസൂത്രണക്കുറ്റങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭൂരിഭാഗവുമെന്ന് പോലീസ് പറഞ്ഞു.

ജയിലിൽനിന്ന് പരോളിൽ ഇറങ്ങിയവരും കുറ്റങ്ങളിൽ ഏർപ്പെട്ടിരുന്നു. വരും ദിവസങ്ങളിലും റൗഡികൾക്കായുള്ള തിരച്ചിൽ തുടരുമെന്ന് ഡി.ജി.പി.സി. ശൈലേന്ദ്രബാബു പുറത്തുവിട്ട പത്രകുറിപ്പിൽ വ്യക്തമാക്കി.