ചെന്നൈ : എൻജിനിയറിങ് സപ്ലിമെന്ററി പരീക്ഷ (അരിയർ) എഴുതാനുള്ള പരമാവധി അവസരവും കഴിഞ്ഞ വിദ്യാർഥികൾക്ക് ബിരുദം നേടാൻ അവസാന അവസരവുമായി അണ്ണാ സർവകലാശാല. 2001-'02 അധ്യയന വർഷം (മൂന്നാം സെമസ്റ്റർ മുതൽ) കോഴ്‌സിനു ചേർന്ന് 20 വർഷമായിട്ടും ജയിക്കാത്തവർക്കായി സർവകലാശാല പ്രത്യേക പരീക്ഷ നടത്തും. ഈ വർഷം നവംബർ/ഡിസംബർ മാസങ്ങളിലും അടുത്തവർഷം ഏപ്രിൽ/മേയ്, നവംബർ/ഡിസംബർ മാസങ്ങളിലുമാകും പരീക്ഷ. നേരത്തേ, ഇത്തരത്തിൽ പ്രത്യേക പരീക്ഷ നടത്താൻ പദ്ധതിയിട്ടിരുന്നതാണെങ്കിലും കോവിഡ് വ്യാപനം കാരണം നീണ്ടുപോവുകയായിരുന്നു. വരുന്ന നവംബർ/ഡിസംബർ മാസത്തെ പരീക്ഷയ്ക്കുള്ള വിശദമായ അറിയിപ്പ് ഒക്ടോബർ അവസാനത്തോടെയുണ്ടാകുമെന്ന് സർവകലാശാല അറിയിച്ചു.

ഓരോ വിഷയത്തിനും സാധാരണ പരീക്ഷാ ഫീസിനുപുറമെ, 5000 രൂപ സ്പെഷ്യൽ ഫീസും അടയ്ക്കണം. രജിസ്റ്റർ നമ്പർ ഉപയോഗിച്ച് www.coe1.annauniv.edu എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി ഈ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം. ഒക്ടോബർ നാലാണ് അപേക്ഷിക്കേണ്ട അവസാന തീയതി. വിവരങ്ങൾക്ക്: 044 - 22357267, 22357303, 22357272, 22357307.