ചെന്നൈ : കോളേജ് വിദ്യാർഥികൾക്ക് സെമസ്റ്റർ പരീക്ഷകൾ ജനുവരി 20-ന് ശേഷം നടത്താൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസമന്ത്രി കെ. പൊൻമുടി അറിയിച്ചു. പരീക്ഷകൾ നേരിട്ടായിരിക്കും നടത്തുന്നത്. വിദ്യാർഥികൾക്ക് പ്രയാസമില്ലാതെ പരീക്ഷയെഴുതാൻ കഠിനമല്ലാത്ത രീതിയിൽ ചോദ്യപ്പേപ്പർ ഉണ്ടാക്കണമെന്ന് സർവകലാശാലകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരിട്ട് പരീക്ഷകൾ വേണ്ടെന്നും ഓൺലൈൻ പരീക്ഷ മതിയെന്നുമാവശ്യപ്പെട്ട് കഴിഞ്ഞയിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ വിദ്യാർഥി പ്രതിഷേധം അരങ്ങേറിയിരുന്നു. എന്നാൽ സെമസ്റ്റർ പരീക്ഷകൾ നേരിട്ടുതന്നെ നടത്തുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. ജനുവരിക്ക് മുമ്പായി പരമാവധി പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് കോളേജുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. കോവിഡ് നിയന്ത്രണങ്ങളും മഴ കാരണവും ക്ലാസുകൾ നഷ്ടപ്പെട്ടത് പരിഹരിക്കാൻ ഞായറാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസവും നിർബന്ധമായും നേരിട്ടുള്ള ക്ലാസ് നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗൺ ഇളവുകളെത്തുടർന്ന് കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു സംസ്ഥാനത്തെ കോളേജുകളിൽ നേരിട്ടുള്ള ക്ലാസാരംഭിച്ചത്.