ചെന്നൈ : തക്കാളിവില പുതിയ ഉയരങ്ങൾ തേടുമ്പോൾ കിലോ 79 രൂപയ്ക്ക് തക്കാളി വിപണിയിലിറക്കി തമിഴ്‌നാട് സർക്കാർ. ശരാശരി 20-30 രൂപയ്ക്ക് വിറ്റിരുന്ന തക്കാളിയുടെ വില 150 പിന്നിട്ടതോടെയാണ് സർക്കാരിന്റെ അടിയന്തര ഇടപെടൽ. സഹകരണവകുപ്പിന് കീഴിലെ ഹരിത പച്ചക്കറിക്കടകൾ വഴിയാണ് സർക്കാരിന്റെ തക്കാളി വിൽപ്പന. ദക്ഷിണേന്ത്യയിലെത്തന്നെ വലിയ മൊത്തവ്യാപാരകേന്ദ്രങ്ങളിലൊന്നായ കോയമ്പേട് മാർക്കറ്റിൽപ്പോലും ബുധനാഴ്ച 140 രൂപയ്ക്കായിരുന്നു തക്കാളി വിൽപ്പന.

ചില്ലറ വിൽപ്പനക്കടകളിലേക്കെത്തുമ്പോൾ വില 30 രൂപ വരെ പിന്നെയും കൂടി. കുറഞ്ഞവിലയ്ക്ക് തക്കാളി ആളുകളിലേക്കെത്തിക്കാൻ നടപടിയെടുത്തിട്ടുണ്ടെന്ന് സഹകരണ, ഭക്ഷ്യവകുപ്പ് മന്ത്രി ഐ. പെരിയസാമി അറിയിച്ചു. പൊതുവിപണിയിലെക്കാൾ കുറഞ്ഞനിരക്കിൽ തക്കാളി ലഭ്യമാക്കാൻ ദിവസവും 15 മെട്രിക് ടൺ തക്കാളിയാണ് സർക്കാർ സംഭരിക്കുന്നത്. ചെന്നൈ ഉൾപ്പെടെ സംസ്ഥാനത്താകെയുള്ള 65 ഹരിത പച്ചക്കറിക്കടകൾ വഴിയാണ് വിൽപ്പന.

തക്കാളിക്ക് പുറമെ മറ്റു പച്ചക്കറികളും കുറഞ്ഞ നിരക്കിൽ ഇവിടെ ലഭിക്കും. 85 മുതൽ 100 രൂപ വരെയാകും തക്കാളിയുടെ വിലയെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും അതിലും കുറച്ച് 79 രൂപയ്ക്കാണ് ബുധനാഴ്ച ന്യായവില സഹകരണ കടകളിൽ തക്കാളി വിറ്റത്.

രാവിലെ മുതൽ തിരക്കായിരുന്നു. ഒരാൾക്ക് ഒരുകിലോ എന്ന കണക്കിലായിരുന്നു വിൽപ്പന. പലയിടത്തും പെട്ടെന്നുതന്നെ തക്കാളി സ്റ്റോക്ക് കാലിയായി. ട്രിപ്ലിക്കേൻ അർബൻ സഹകരണ സംഘത്തിന്റെ (ടി.യു.സി.എസ്.) ന്യായവില കടകളിൽ ദിവസം മുഴുവൻ തക്കാളി ലഭ്യമായിരുന്നു. ചെന്നൈയിലും സമീപജില്ലകളിലും ഇത്തരം സഹകരണ കടകളുണ്ടായിരുന്നെങ്കിൽ പല ജില്ലകളിലും സർക്കാരിന്റെ ന്യായവില കടകൾ പ്രവർത്തിച്ചില്ലെന്നും ആരോപണമുണ്ട്. കനത്തമഴയിൽ വിളനാശമുണ്ടായതോടെ വിപണിയിലേക്കുള്ള തക്കാളിയുടെ വരവ് കുറഞ്ഞതാണ് വില പെട്ടെന്ന് ഉയരാൻ കാരണം.

തക്കാളി കിട്ടാനില്ല

: മഴയെത്തുടർന്ന് ആന്ധ്ര, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള തക്കാളിവരവ് ഗണ്യമായി കുറഞ്ഞു. ആന്ധ്രയിൽ പല സ്ഥലങ്ങളിലും കൃഷിയിറക്കിയത് പൂർണമായി നശിച്ചു. സംസ്ഥാനത്ത് തക്കാളി കൂടുതലായി കൃഷിയിറക്കുന്ന കൃഷ്ണഗിരിയിലും വെള്ളപ്പൊക്കമുണ്ടായി. കനത്ത നാശമുണ്ടായതോടെയാണ് തക്കാളി വിപണിയിൽ കിട്ടാതായതും വില കുതിച്ചുയർന്നതും.

സാധാരണ 70-80 ലോഡ് തക്കാളി ദിവസവും എത്തിയിരുന്നത് 30 ശതമാനത്തോളമായി കുറഞ്ഞിട്ടുണ്ടെന്ന് ചന്തയിലെ ഒരു വ്യാപാരി പറഞ്ഞു. സാധാരണ വില കൂടാറുള്ള ഉള്ളിയുടെ വിലയിൽ മാറ്റമില്ല. എന്നാൽ പച്ചക്കറിയിനങ്ങൾക്ക് പൊതുവിൽ വില വർധനയുണ്ടെന്നും കച്ചവടക്കാർ പറഞ്ഞു.

താളം തെറ്റി കുടുംബ ബജറ്റ്

: അടുക്കളകളിലെ പ്രധാന പച്ചക്കറിയിനമായ തക്കാളിക്ക് വിലയേറിയതോടെ മിക്ക വീടുകളിലും കുടുംബ ബജറ്റ് താളം തെറ്റിയിരിക്കുകയാണ്. പലരും ഭക്ഷണമെനുവിൽനിന്ന് തക്കാളിയെ ഒഴിവാക്കി. മഴ തുടരുകയാണെങ്കിൽ വില ഇനിയും ഉയർന്നേക്കുമോ എന്നാണ് സാധാരണക്കാരുടെ ആശങ്ക.

പൂഴ്‌ത്തിവെച്ചാൽ നടപടി

: തക്കാളി ഉൾപ്പെടെ പച്ചക്കറികൾ പൂഴ്ത്തിവെക്കുകയോ കള്ളക്കടത്ത് നടത്തുകയോ ചെയ്താൽ കടുത്ത നടപടിയെടുക്കുമെന്ന് ഭക്ഷ്യവകുപ്പ് മുന്നറിയിപ്പ് നൽകി. ന്യായവിലക്കടകളിലെ സാധനങ്ങൾ മറിച്ചുവിൽക്കരുത്.

റേഷൻ ഉത്പന്നങ്ങൾ കരിഞ്ചന്തയിൽ വിറ്റാലും നടപടിയെടുക്കുമെന്നും അധികൃതർ അറിയിച്ചു.

റേഷൻകടകളിൽ തക്കാളി വിൽക്കും

ചെന്നൈ : നഗരപ്രാന്തങ്ങളിലും അതിനോടുചേർന്ന പ്രദേശങ്ങളിലും റേഷൻ കടകൾ വഴി തക്കാളിയും പച്ചക്കറിയും വിൽക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മന്ത്രി ഐ. പെരിയസാമി അറിയിച്ചു. സർക്കാർ തക്കാളി സംഭരിച്ച് വിൽപ്പന തുടങ്ങിയതോടെ പൊതുവിപണിയിൽ വില കുറഞ്ഞിട്ടുണ്ടെന്ന് മന്ത്രി അവകാശപ്പെട്ടു. 150 രൂപയായിരുന്ന തക്കാളിവില 90-100 രൂപ വരെയായി കുറഞ്ഞിട്ടുണ്ട്. മറ്റു പച്ചക്കറികളുടെയും വില കുറഞ്ഞെന്നും മന്ത്രി അവകാശപ്പെട്ടു.