ചെന്നൈ : തമിഴ്‌നാട്ടിൽ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി ചർച്ചനടത്തി. ഇടക്കാല ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ആവശ്യമായ തുക അനുവദിക്കണമെന്ന് കേന്ദ്രസംഘത്തോട് സംസ്ഥാനസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു.

തമിഴ്നാട്ടിലെയും പുതുച്ചേരിയിലും പ്രദേശങ്ങളാണ് കേന്ദ്രസംഘം സന്ദർശിച്ചത്. ബുധനാഴ്ച സെക്രട്ടേറിയറ്റിൽ സ്റ്റാലിനെ കണ്ടശേഷം സംഘം ഡൽഹിയിലേക്ക് മടങ്ങി. കൂടിക്കാഴ്ചയിൽ മുതിർന്ന മന്ത്രിമാരും തമിഴ്നാട് സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്തു. ഞായറാഴ്ചയാണ് കേന്ദ്രസംഘം ചെന്നൈയിലെത്തിയത്.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജോയന്റ് സെക്രട്ടറി രാജീവ് ശർമയുടെ നേതൃത്വത്തിൽ ഏഴംഗസംഘമാണ് മഴക്കെടുതികൾ വിലയിരുത്തിയത്. 2700 കോടി രൂപയോളം അനുവദിക്കണമെന്ന് നേരത്തെ സർക്കാർ ആവശ്യപ്പെട്ടിരുന്നു.