ചെന്നൈ : കാൽനൂറ്റാണ്ടിലേറെയായി വില്ലിവാക്കത്തെ അയ്യപ്പഭക്തരുടെ ആരാധനാലയമാണ് ബസ് സ്റ്റാൻഡിനടുത്തുള്ള ശ്രീ അയ്യപ്പക്ഷേത്രം. കേരളീയ മാതൃകയിലുള്ള ഗോപുരം ക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ശബരിമലയിലെ പൂജാവിധി ക്രമങ്ങൾ പിന്തുടരുന്ന ഇവിടെ മണ്ഡലകാലത്ത് ഒട്ടേറെ ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. ഒട്ടേറെ അയ്യപ്പഭക്തർ ഇവിടെ മാലയിട്ട്, കെട്ടുമുറുക്കി ശബരിമലയ്ക്ക് പോകാറുണ്ട്.

തന്ത്രി കണ്ഠരര് നീലകണ്ഠരുടെ കാർമികത്വത്തിൽ 1994 ജൂലായ് 14-നായിരുന്നു വില്ലിവാക്കം അയ്യപ്പക്ഷേത്രത്തിന്റെ കുംഭാഭിഷേകം. കാണിപ്പയ്യൂർ കൃഷ്ണൻനമ്പൂതിരിയാണ് ശ്രീകോവിലുകൾ രൂപകൽപ്പന ചെയ്തത്. ശതതാര പൂജയ്ക്കുശേഷം പ്രതിഷ്ഠ നടത്തിയ ക്ഷേത്രമെന്ന പ്രത്യേകതയും വില്ലിവാക്കം അയ്യപ്പക്ഷേത്രത്തിനുണ്ട്. തിരുവനന്തപുരം സ്വദേശിയായ സി.എൻ. സുകുമാരൻ ഗുരുസ്വാമിയുടെയും പി. ശക്തിവേൽ ഗുരുസ്വാമിയുടെയും ശ്രമഫലമായാണ് സഭയും ക്ഷേത്രവും തുടങ്ങിയത്. ഇരുവരുടെയും നേതൃത്വത്തിൽ എല്ലാ വർഷവും ശബരിമലയ്ക്ക് തീർഥാടനം നടത്താറുണ്ടായിരുന്നു.

മണ്ഡലകാലത്ത് വില്ലിവാക്കം അഗസ്തീശ്വരർ ശിവക്ഷേത്രത്തിന്റെ മൈതാനത്ത് അദ്ദേഹവും സുഹൃത്തുകളുംചേർന്ന് വിളക്കുപൂജയും അന്നദാനവും സംഘടിപ്പിച്ചുവന്നു. 1972-ൽ അവർ ശ്രീ അയ്യപ്പഭക്തജനസഭ രൂപവത്കരിച്ചു. സഭയുടെ കീഴിൽ വില്ലിവാക്കം പെരുമാൾ കോവിൽ സ്ട്രീറ്റിൽ സ്ഥലംവാങ്ങി ഭജനമഠം സ്ഥാപിച്ചു. ഈ ഭജനമഠമാണ് പിൽക്കാലത്ത് ക്ഷേത്രമായി മാറിയത്.

ശ്രീശാസ്താ വാദ്യ സംഘമെന്ന പേരിൽ തമിഴ്നാട്ടിൽ ആദ്യ സൗജന്യ ചെണ്ടമേള പഠനകേന്ദ്രം ആരംഭിച്ചത് ഇവിടെയാണ്. അഞ്ചാംബാച്ച് വിദ്യാർഥികളുടെ അരങ്ങേറ്റം അടുത്തമാസം നടക്കും.

ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ നിർവഹിക്കുന്ന ശ്രീ അയ്യപ്പഭക്തജന സഭയുടെ നിലവിലെ ചെയർമാൻ എ.വി. അനൂപാണ്. എം. സതീഷ്‌കുമാർ (പ്രസിഡന്റ്), എൻ.എസ്. രാജീവ് കുമാർ (സെക്രട്ടറി), പി. ഗോപകുമാർ (ഖജാൻജി) എന്നിവരാണ് മറ്റു ഭാരവാഹികൾ. ഫോൺ: 044 26171988