ചെന്നൈ : നാലുവർഷം നീണ്ട തർക്കങ്ങൾക്കൊടുവിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാർഡനിലെ വസതിയായ വേദനിലയവുമായി ബന്ധപ്പെട്ട നിയമക്കുരുക്കുകൾ അഴിഞ്ഞു. മുൻ എ.ഐ.എ.ഡി.എം.കെ. സർക്കാരും ജയലളിതയുടെ തോഴി വി.കെ. ശശികലയുമൊക്കെ വേദനിലയത്തിന് അവകാശമുന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് സ്മാരകമാക്കാൻ മുൻ സർക്കാർ കൊണ്ടുപിടിച്ച ശ്രമങ്ങളും നടത്തി. എന്നാൽ ബുധനാഴ്ച മദ്രാസ് ഹൈക്കോടതി വിധിയെഴുതിയപ്പോൾ ഈ തർക്കഭൂമി എത്തിച്ചേർന്നത് ജയലളിതയുടെ സഹോദരൻ ജയരാമന്റെ മക്കളിലേക്കു തന്നെയായി.

വേദനിലയം കൈവിട്ടത് എ.ഐ.എ.ഡി.എം.കെ. യെ സംബന്ധിച്ചിടത്തോളം വലിയ നാണക്കേടുണ്ടാക്കി. 24,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദനിലയത്തിന് ഇപ്പോൾ 90 കോടിയിലധികം രൂപ മതിപ്പുവിലവരും. 1967-ൽ ജയലളിതയുടെ അമ്മ സന്ധ്യ 1.32 ലക്ഷം രൂപയ്ക്കാണ് ഇത് വാങ്ങിയത്. ജയലളിതയുടെ മരണശേഷം ശശികല ഇവിടെ താമസിച്ചിരുന്നു. ശശികലയുടെ നേതൃത്വത്തിലുള്ള മണ്ണാർകുടി കുടുംബം വേദനിലയം സ്വന്തമാക്കാൻ പല കരുനീക്കങ്ങളും നടത്തിയിരുന്നു. ജയലളിതയ്ക്ക് സ്വന്തമായി മക്കളില്ലാത്തതിനാൽ അനന്തരാവകാശികൾ ദീപയും ദീപക്കുമാണെന്ന് നേരത്തെ ഉറപ്പിച്ചതായിരുന്നു. മരണശേഷം വേദനിലയം ദീപയ്ക്കും ദീപക്കിനുമാണെന്ന് ജയലളിത വിൽപ്പത്രമെഴുതി വെച്ചതായി പറയപ്പെടുന്നുണ്ട്. എന്നാൽ വിൽപ്പത്രം എവിടെയാണെന്ന് ഇനിയും വ്യക്തമല്ല.

വേദനിലയം തനിക്ക് അവകാശപ്പെട്ടതാണെന്ന് ശശികലയും അവകാശപ്പെട്ടു. കോടനാട് എസ്‌റ്റേറ്റിൽ നടന്ന കവർച്ചയിൽ ജയലളിതയുടെ സ്വത്തിന്റെ പല രേഖകളും നഷ്ടപ്പെട്ടുവെന്ന ആരോപണവും ശക്തമാണ്. ദീപയും ദീപക്കും 2002 വരെ പോയസ് ഗാർഡനിലാണ് താമസിച്ചിരുന്നത്. അതിനു േശഷമാണ് ടി. നഗറിലെ വീട്ടിലേക്ക് മാറുന്നത്. 2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. അതിനുശേഷം ദീപക്കിനെ ശശികലയും കൂട്ടരും വരുതിയിലാക്കി. ജയലളിതയുടെ അന്ത്യകർമങ്ങൾ പോലും നടത്തിയത് ശശികലയും ദീപക്കും ചേർന്നായിരുന്നു. ഇവരൊക്കെ ചേർന്ന് ദീപയെ അകറ്റിനിർത്തി. ഇതിന്റെ വാശിയും ശശികലയോടുള്ള എതിർപ്പിന്റെയും ഭാഗമായാണ് ദീപ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. എന്നാൽ പാതിവഴിയിൽ അവർ ഉദ്യമത്തിൽനിന്നു പിൻമാറി. തമിഴ്‌നാട് മുൻമുഖ്യമന്ത്രി എം.ജി. ആറിന്റെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ സ്വത്തിനെച്ചൊല്ലിയും തർക്കങ്ങൾ ഉടലെടുത്തിരുന്നു.