ചെന്നൈ : നിവാർ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തെക്കെത്തുമ്പോൾ സേവന സജ്ജരായിരിക്കാൻ പ്രവർത്തകരോട് ഡി.എം.കെ. അധ്യക്ഷൻ എം.കെ. സ്റ്റാലിന്റെ ആഹ്വാനം.
കടലോര ജില്ലകളിലും ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്ന സ്ഥലങ്ങളിലും പൊതുജനങ്ങളുടെ ആവശ്യങ്ങളറിഞ്ഞ് സഹായമെത്തിക്കണമെന്നും അവർക്ക് തുണയായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനായി പാർട്ടിയുടെ ജില്ലാ നേതൃത്വം മുതലുള്ള ഭാരവാഹികൾക്ക് നിർദേശം നൽകി.
സുരക്ഷിതമായ സ്ഥലങ്ങളിൽ ജനങ്ങളെ പാർപ്പിക്കുന്നതിനും ഭക്ഷണവും കുടിവെള്ളവുമുൾപ്പെടെ അവശ്യവസ്തുക്കൾ എത്തിക്കുന്നതിനും ശ്രദ്ധിക്കണം. മെഡിക്കൽ സഹായം ആവശ്യമുള്ളവർക്കായി സൗകര്യമൊരുക്കണം. ബാധിക്കപ്പെട്ട സ്ഥലങ്ങളെക്കുറിച്ച് അധികാരികളെ വിവരമറിയിച്ച് അവർക്കുവേണ്ട സഹായസഹകരണം ചെയ്തുകൊടുത്ത് ഒപ്പം പ്രവർത്തിക്കണമെന്നും സ്റ്റാലിൻ പ്രവർത്തകരോട് ആവശ്യപ്പെട്ടു.