ചെന്നൈ : തമിഴ്‌നാട്ടിൽ പോലീസുകാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും കൗൺസിലിങ് നൽകാനുള്ള പ്രത്യേക പദ്ധതിയ്ക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി 246 പേർക്ക് പരിശീലനം നൽകും. ഇവർ സംസ്ഥാനത്ത് ഉടനീളമുള്ള പോലീസുകാർക്കും കുടുംബാംഗങ്ങൾക്കും വേണ്ടി കൗൺസിലിങ് ക്ലാസുകൾ നടത്തും.

പോലീസുകാരിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ പദ്ധതിയ്ക്ക് രൂപംനൽകിയത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസ്(നിംഹാൻസ്) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പോലീസുകാർക്ക് വേണ്ടിയുള്ള മാനസികാരോഗ്യ ക്ലാസുകൾ ആരംഭിച്ചിരുന്നു. ഇതിനായി 10 കോടി രൂപയും ബജറ്റിൽ വകയിരുത്തിയിരുന്നു. ഡി.എം.കെ. സർക്കാർ അധികാരമേറ്റെടുത്തതിന് ശേഷം കുടുംബാംഗങ്ങളെ കൂടി ഉൾപ്പെടുത്തി പദ്ധതി വിപുലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. പദ്ധതി പ്രകാരം സംസ്ഥാനത്തെ 1.3 ലക്ഷം പോലീസുകാരും അവരുടെ കുടുംബാംഗങ്ങൾക്കുമാണ് കൗൺസിലിങ് നൽകുക.

പോലീസ് സേനയിൽ ഉൾപ്പെട്ട 112 പേർക്കും പുറത്ത് നിന്നുള്ള 134 പേർക്കുമാണ് കൗൺസിലിങ് നടത്തുന്നതിനുള്ള പരിശീലനം നൽകുന്നത്. കമ്മിഷണർ ഓഫീസുകളിലും ജില്ലാ പോലീസ് ആസ്ഥാനങ്ങളിലും പരിശീലന ക്ലാസുകൾ നടക്കും.

ഡിപ്ലോമ കോഴ്‌സായിട്ടാണ് ഇത് നടത്തുന്നത്. ക്ലാസുകളുടെ ഉദ്ഘാടനം ഓൺലൈൻ മുഖേന ഡി.ജി.പി. ശൈലേന്ദ്രബാബു നിർവഹിച്ചു.