പുതുച്ചേരി : കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തിരഞ്ഞെടുപ്പുകൾ ഒക്ടോബർ 21, 25, 28 എന്നീ തീയതികളിൽ മൂന്നു ഘട്ടങ്ങളിലായി നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ റോയ് പി. തോമസ് അറിയിച്ചു.

ഒക്ടോബർ 21-ന് മാഹി, കാരൈക്കൽ, യാനം മുനിസിപ്പാലിറ്റികളിൽ വോട്ടെടുപ്പ് നടത്തും. സെപ്റ്റംബർ 30 മുതൽ നാമനിർദേശ പത്രികകൾ സമർപ്പിക്കാം. ഒക്ടോബർ ഏഴാണ് അവസാന തീയതി. രണ്ടാംഘട്ട വോട്ടെടുപ്പ് പുതുച്ചേരി, ഉഴവൂർക്കര മുനിസിപ്പാലിറ്റികളിൽ ഒക്ടോബർ 25-ന് നടക്കും. ഒക്ടോബർ നാലുമുതൽ 11 നാമനിർദേശപത്രിക സമർപ്പിക്കാം. മൂന്നാംഘട്ട വോട്ടെടുപ്പ് ഒക്ടോബർ 28-നാണ്. ഒക്ടോബർ ഏഴു മുതൽ ഒക്ടോബർ 15 വരെ നാമനിർദേശപത്രികകൾ സമർപ്പിക്കാം. ഫല പ്രഖ്യാപനം ഒക്ടോബർ 31-ന് നടക്കും. 2006-ലാണ് അവസാനമായി തെരഞ്ഞെടുപ്പു നടന്നത്. മാഹി സ്വദേശിയായ അഡ്വക്കേറ്റ് അശോക് കുമാർ കൊടുത്ത പൊതുതാത്‌പര്യ ഹർജിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. പുതുച്ചേരിയിൽ അഞ്ച് മുനിപ്പാലിറ്റികളും പത്തു പഞ്ചായത്തുകളുമാണുള്ളത്. പുതുച്ചേരിയിലെ രണ്ടു മുനിസിപ്പാലിറ്റിയിലും അഞ്ച്‌ കൊമ്യൂൺ പഞ്ചായത്തുകളിലുമായി 7,72,753 വോട്ടർമാരുണ്ട്.