കോയമ്പത്തൂർ : നീറ്റ് പരീക്ഷാ പേടിയിൽ വീടുവിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി. ഊട്ടി സ്വദേശിയും പെരിയനായ്ക്കൻപാളയത്തിനുസമീപം നായ്ക്കൻപാളയത്തിലെ അധ്യാപകന്റെ മകനാണ് നീറ്റ് പരീക്ഷയിലെ തോൽവിഭയന്ന് വീട്ടിൽനിന്ന്‌ പോയത്. ബുധനാഴ്ചമുതൽ കാണാതായ 19-കാരനെത്തേടി പെരിയനായ്ക്കൻപാളയം പോലീസും രക്ഷിതാക്കളും തമിഴ്നാട്ടിലെ വിവിധ സ്റ്റേഷനുകളിൽ വിവരമറിയിച്ചിരുന്നു.

വീട്ടിൽനിന്ന്‌ ലഭിച്ച കത്തിൽ പലതവണ എഴുതിയ നീറ്റ് പരീക്ഷയിൽ ഇത്തവണയും വിജയപ്രതീക്ഷ തനിക്കില്ലെന്നും താൻ പുറത്തുപോയി വിജയിച്ചവ്യക്തിയായി തിരിച്ചുവരുമെന്നും കത്തിൽ ഉണ്ടായിരുന്നു. വിദ്യാർഥിയുടെ നാടായ ഊട്ടിയിലേക്കുള്ള വാഹനങ്ങളിൽ പരിശോധന നടത്തുന്നതിനിടെ വിദ്യാർഥി അവസാനമായി കാൾടാക്സി ഡ്രൈവർക്കാണ് ഫോൺ ചെയ്തിരിക്കുന്നതെന്ന് അറിഞ്ഞു. ഇതേക്കുറിച്ചുള്ള അന്വേഷണത്തിലാണ്‌ വിദ്യാർഥിയെ കണ്ടെത്തിയത്‌.