ചെന്നൈ : കൃഷിനാശമുണ്ടായതിനെ തുടർന്ന് കർഷകൻ തീവണ്ടിക്ക് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. നാഗപട്ടണത്തെ രമേഷ് ബാബു (50) ആണ് ശനിയാഴ്ച എറണാകുളം -കാരയ്ക്കൽ തീവണ്ടിക്ക് കുറുകെ ചാടി ജീവനൊടുക്കിയത്.
നിവാർ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ശക്തമായ മഴയിൽ നാഗപട്ടണം ഉൾപ്പെടെ തമിഴ്‌നാട്ടിലെ പല ജില്ലകളിലും വ്യാപകമായ കൃഷിനാശമുണ്ടായിരുന്നു. രമേഷ്ബാബുവിന്റെ 15 ഏക്കർ നെൽക്കൃഷിയാണ് മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ നശിച്ചത്. ബാങ്കിൽനിന്ന് വായ്പവാങ്ങിയാണ് കൃഷി ചെയ്തിരുന്നത്. വിളവെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പായിരുന്നു കനത്ത മഴ. കൃഷിനാശമുണ്ടായതിനെ തുടർന്ന് സഹായധനം അഭ്യർഥിച്ച് അധികൃതരെ സമീപിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.
കൃഷി നാശത്തിൽ മനംനൊന്താണ് രമേഷ്ബാബു ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ പോലീസിന് മൊഴി നൽകി. പോലീസ് കേസെടുത്തു.