ഹൈദരാബാദ് : ഗണേശവിഗ്രഹ നിമജ്ജന ഉത്സവത്തിന്റെ ഭാഗമായി ഹൈദരാബാദിലെ ബാലാപ്പുർ ലഡുവിന് ലേലത്തിൽ ലഭിച്ചത് 18.90 ലക്ഷംരൂപ. സ്വർണത്തിൽ പൊതിഞ്ഞ 21 കിലോഗ്രാം തുക്കമുള്ള ലഡു ലേലത്തിൽപിടിച്ചത് വൈ.എസ്.ആർ. കോൺഗ്രസ് എം.എൽ.സി. ആർ.വി. രമേശ് യാദവും സഹായി എം. ശശാങ്ക് റെഡ്ഡിയും ചേർന്നാണ്. പാർട്ടിനേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡിക്ക്‌ സമ്മാനിക്കുമെന്ന് ഇവർ പറഞ്ഞു. കഴിഞ്ഞ വർഷം കോവിഡ് വ്യാപനത്തെത്തുടർന്ന് ബാലാപ്പുർ ലഡു ലേലംചെയ്തിരുന്നില്ല. ഈ വർഷം 20 പേരാണ് ലേലത്തിൽ പങ്കെടുത്തത്.

മന്ത്രി സബിത ഇന്ദ്രാ റെഡ്ഡിയും എം.എൽ.എ. കൃഷ്ണറെഡ്ഡിയും ലേല സമയത്ത്‌ സന്നിഹിതരായിരുന്നു. 2019-ൽ ബാലാപ്പൂർ ലഡുവിന് ലേലത്തിൽ 17.60 ലക്ഷംരൂപ ലഭിച്ചിരുന്നു. ലേലത്തിൽ കിട്ടുന്ന തുക ബാലാപ്പുർ ഗണേശ് ക്ഷേത്ര വികസനത്തിനും മറ്റുമായാണ് ഉപയോഗിക്കുന്നത്.