ചെന്നൈ : ചെന്നൈ-മംഗളൂരു എക്സ്പ്രസ് പുറപ്പെടുന്ന പഴയ സമയം പുനഃസ്ഥാപിക്കാൻ റെയിൽവേ ബോർഡിൽ സമ്മർദം ചെലുത്തുമെന്ന് പാസഞ്ചർ അമിനിറ്റീസ് കമ്മിറ്റി(പി.എ.സി.) ചെയർമാൻ പി.കെ. കൃഷ്ണദാസ് പറഞ്ഞു. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരുടെ സൗകര്യങ്ങൾ പരിശോധിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചെന്നൈ-മംഗളൂരു എക്സ്‌പ്രസ് ചെന്നൈയിൽനിന്ന് വൈകീട്ട് അഞ്ചിനാണ് നേരത്തേ പുറപ്പെട്ടിരുന്നത്. പുതിയ സമയക്രമ പ്രകാരം വൈകുന്നേരം 4.20-നാണ് പുറപ്പെടുന്നത്. ചെന്നൈയിൽനിന്ന് 4.20-ന് പുറപ്പെടുന്ന തീവണ്ടി പിറ്റേന്ന് രാവിലെ 7.10-ന് മംഗളൂരുവിലെത്തും.

പാലക്കാട് മുതൽ കണ്ണൂർ വരെയുള്ള സ്റ്റേഷനുകളിൽ തീവണ്ടിയെത്തുന്ന സമയം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. തീവണ്ടി വൈകീട്ട് 6.30-ന് ചെന്നൈയിൽനിന്ന് പുറപ്പെട്ടാൽ തിരൂർ മുതൽ മംഗളൂരുവരെയുള്ള യാത്രക്കാർക്ക് ഗുണകരമാകുമെന്ന് പി.എ.സി. ചെയർമാനെ യാത്രക്കാർ അറിയിച്ചു.

സമയം മാറ്റുന്ന കാര്യം റെയിൽവേ ചെന്നൈ ഡിവിഷൻ മാനേജർ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.

കോഴിക്കോട് മുതൽ മംഗളൂരു വരെയുള്ള യാത്രക്കാർക്ക് പഴയ സമയം സൗകര്യപ്രദമായിരുന്നു. യാത്രാസമയം മാറ്റിയതോടെ കൂടുതൽ പേരും രാത്രി 8.10-ന് ചെന്നൈയിൽനിന്ന് പുറപ്പെടുന്ന മംഗളൂരു മെയിലി(02601)നെയാണ് ആശ്രയിക്കുന്നത്. ഇത് തിരക്കിനും കാരണമായി. മംഗളൂരു മെയിലിൽ സ്ലീപ്പർ ക്ലാസിൽ പലപ്പോഴും ടിക്കറ്റ് ലഭ്യമല്ല. ചെന്നൈയിൽനിന്ന് വെസ്റ്റ്‌കോസ്റ്റ് എക്സ് പ്രസ്, മംഗളൂരു എക്സ്പ്രസ്, മംഗളൂരു മെയിൽ എന്നീ മൂന്ന് തീവണ്ടികളാണ് മംഗളൂരുവിലേക്കുള്ളത്.