ചെന്നൈ : താംബരത്ത് ഷെയർ ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഇരുമ്പുലിയൂരിൽ കഴിഞ്ഞദിവസമായിരുന്നു അപകടം. കടലൂർ സ്വദേശി ഐസക്‌രാജ്, ഉതിരമേരൂർ സ്വദേശി സുന്ദരരാജൻ, പുതുച്ചേരി സ്വദേശി നാഗമുത്തു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാവരും കെട്ടിട നിർമാണ തൊഴിലാളികളാണെന്നാണ് വിവരം. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ മുന്നിൽ പൊയ്‌ക്കൊണ്ടിരുന്ന ബസിൽ ഇടിക്കാതിരിക്കാൻ ഒരു വശത്തേക്ക് തിരിച്ചപ്പോൾ റോഡിലെ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. മൂന്നുപേരും സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. അപകടത്തെത്തുടർന്ന് ഓടി രക്ഷപ്പെട്ട ഓട്ടോ ഡ്രൈവറെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.