പഠനം മലയാളം മിഷൻ ക്ലാസിൽ

ചെന്നൈ: മലയാള സിനിമയുടെ മദിരാശിക്കാലത്താണ് കവി വയലാർ രാമവർമയും തമിഴ് കവി കണ്ണദാസനും സുഹൃത്തുക്കളായത്. ഇരുവരും കവികളും ഗാനരചയിതാക്കളുമെന്ന നിലയിൽ പ്രശസ്തർ. വയലാറിന് മലയാളവും കണ്ണദാസന് തമിഴുമാണ് സംസാരിക്കാൻ പ്രിയം. ശുദ്ധമലയാളത്തിൽ വയലാറും തമിഴിൽ കണ്ണദാസനും പരസ്പരം സംസാരിക്കും. കവിതയും അങ്ങനെത്തന്നെ.

ഇരുവർക്കും അതു മനസ്സിലാകുമെങ്കിലും അന്നുകേട്ട കവിതകളുടെയൊന്നും അർഥം പിടികിട്ടാതെ കൗതുകത്തോടെ കേട്ടിരുന്ന ഒരാളുണ്ട്- കണ്ണദാസന്റെ മകൻ ഗാന്ധി. വർഷങ്ങൾ പിന്നിടുമ്പോൾ ചെറുപ്പത്തിൽ കേട്ട വയലാറിന്റെ വരികളോടുള്ള ഇഷ്ടംകൊണ്ട് മലയാളം പഠിക്കാൻ ചേർന്നിരിക്കുകയാണ് ഇപ്പോൾ 65 വയസ്സുള്ള ഗാന്ധി കണ്ണദാസൻ.

പ്രിയകവിയുടെ രചനകളുടെ അർഥം മനസ്സിലാക്കി ആസ്വദിക്കുകയാണ് ലക്ഷ്യം. ചെന്നൈ മലയാളി ക്ലബ്ബിലെ മലയാളം മിഷൻ പഠനക്ലാസിലാണ് പ്രസാധകൻകൂടിയായ ഗാന്ധി ചേർന്നിരിക്കുന്നത്.

‘‘മനോഹരമായ മലയാളഭാഷ പഠിക്കാൻ പണ്ടേ ആഗ്രഹമുണ്ടായിരുന്നു. മാതൃഭാഷയായ തമിഴിന് പുറമേ ഇംഗ്ലീഷും ഹിന്ദിയും തെലുങ്കും പഠിച്ചെങ്കിലും മലയാളം കൈയെത്താദൂരത്തായിരുന്നു.

യാദൃച്ഛികമായാണ് മലയാളി ക്ലബ്ബിലെ മലയാളം ക്ലാസിനെക്കുറിച്ച് കേട്ടത്. മറ്റൊന്നും ആലോചിച്ചില്ല. ക്ലാസ് നന്നായി മനസ്സിലാകുന്നുണ്ട്. തമിഴും മലയാളവും തമ്മിലുള്ള സാമ്യം പഠനത്തിലും സഹായകമാണ്. മലയാളം സിനിമകൾകണ്ട് ഭാഷയിലെ പ്രയോഗങ്ങൾ പഠിക്കാനും ശ്രമിക്കുന്നുണ്ട്. മലയാളസാഹിത്യത്തിൽ വയലാർ മാത്രമാണ് ഇപ്പോൾ മുന്നിലുള്ള ലക്ഷ്യമെന്നും’’ അദ്ദേഹം പറഞ്ഞു.

മലയാളി ക്ലബ്ബിൽ മലയാളം മിഷൻ പുതിയ ബാച്ചിലെ കണിക്കൊന്ന കോഴ്‌സ് വിദ്യാർഥിയാണ് ഗാന്ധി. പ്രാഥമിക ഭാഷാപാഠങ്ങളാണ് പഠിപ്പിക്കുന്നത്. 22 പേരുള്ള ബാച്ചിലെ മലയാളിയല്ലാത്ത ഏക വിദ്യാർഥിയുമാണ്.

ക്ലാസിൽ ശ്രദ്ധാലുവായ വിദ്യാർഥിയാണ് ഗാന്ധിയെന്ന് അധ്യാപകരായ മീര കൃഷ്ണൻകുട്ടിയും സവിതജോണും പറഞ്ഞു. ഓൺലൈനായാണ് ഇപ്പോൾ ക്ലാസുകൾ നടക്കുന്നത്. വൈകാതെ നേരിട്ടുള്ള ക്ലാസുകൾ ആരംഭിക്കുമെന്നും അധ്യാപകർ പറഞ്ഞു.