ചെന്നൈ : എയർ ഇന്റലിജൻസ് യൂണിറ്റ് കസ്റ്റംസ് സൂപ്രണ്ട് മുഹമ്മദ് ഇർഫാൻ അഹമ്മദിന്റെ കൈവശത്തിൽ നിന്ന്‌ കണക്കിൽപ്പെടാത്ത 74 ലക്ഷം രൂപ കണ്ടെടുത്ത സംഭവത്തിൽ സി.ബി.ഐ. അന്വേഷണം പുരോഗമിക്കുന്നു.

കസ്റ്റംസ് സൂപ്രണ്ടിന്റെ ഭാര്യയെയും കേസിൽ പ്രതിയാക്കിയിട്ടുണ്ട്. ഈവർഷം ജനുവരിയിൽ ബെംഗളൂരു വിമാനത്താവളത്തിൽവെച്ചാണ് 74.8 ലക്ഷം രൂപ ബാഗിൽനിന്ന്‌ കണ്ടെത്തിയത്. കണക്കിൽപ്പെടാത്ത പണം സൂക്ഷിച്ചതിന്റെ പേരിൽ കേസ് രജിസ്റ്റർചെയ്തു. മുഹമ്മദ് ഇർഫാൻ ചെന്നൈ എയർ ഇന്റലിജൻസ് യൂണിറ്റിലെ കസ്റ്റംസ് സൂപ്രണ്ടാണെന്ന് പിന്നീടുള്ള അന്വേഷണത്തിലാണ് വ്യക്തമായത്. മുഹമ്മദ് ഇർഫാനും ഭാര്യയും ചെന്നൈയിൽനിന്ന് ബെംഗളൂരു വഴി ലഖ്നൗവിലേക്ക് പുറപ്പെട്ടതായിരുന്നു. കണക്‌ഷൻ വിമാനം മുടങ്ങിയതോടെ മറ്റൊരു വിമാനത്തിൽ യാത്ര തിരിക്കാനിരിക്കെയാണ് പരിശോധന നടത്തി പണം പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം രേഖപ്പെടുത്താൻ മുഹമ്മദ് ഇർഫാൻ അഹമ്മദിനും ഭാര്യ തഹ്സീൻ മുംതാസിനും സാധിച്ചിരുന്നില്ല.