ചെന്നൈ : എ.ഐ.എ.ഡി.എം.കെ. ഭരണകാലത്ത് 26.17 ലക്ഷം രൂപയുടെ കാലാവധികഴിഞ്ഞ മരുന്ന് വിറ്റഴിച്ചതായി തമിഴ്‌നാട് പബ്ളിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി(പി.എ.സി.) അംഗം സെൽവപെരുംതങ്കൈ പറഞ്ഞു. 2013-14 കാലത്ത് കുംഭകോണം, തിരുക്കാട്ടുപള്ളി പ്രദേശങ്ങളിലാണ് വില്പനനടത്തിയയെന്ന് കംപ്‌ട്രോളർ ആൻഡ്‌ ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തഞ്ചാവൂർ ജില്ലയിൽ നടപ്പാക്കുന്ന വിവിധപദ്ധതികൾ പരിശോധിച്ചതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാലാവധികഴിഞ്ഞ മരുന്ന് ഉപയോഗിച്ചവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ വിദഗ്ധകമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. മരുന്ന് കഴിച്ച് ആർക്കെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. പദ്ധതി നടപ്പാക്കുന്നതിലെ അപാകംമൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ഇത് സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും കമ്മിറ്റി അംഗങ്ങൾ പറഞ്ഞു.