ചെന്നൈ : ആശ്രയം സംഘടന ആശാൻ മെമ്മോറിയൽ അസോസിയേഷനുമായി സഹകരിച്ച് ഓൺലൈൻ സാഹിത്യ പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു. നവംബറിലെ നാല് ഞായറാഴ്ചകളിലാണ് (7, 14, 21, 28) ആണ് പ്രഭാഷണ പരമ്പര. ഗൂഗിൾ മീറ്റ് വഴി നടക്കുന്ന പരിപാടികൾ ഫെയ്‌സ്ബുക്കിലും യുട്യൂബിലും സംപ്രേഷണം ചെയ്യും. അന്തരിച്ച നടൻ നെടുമുടി വേണുവിന്റെ സ്മരണാർഥം 'നെടുമുടിയുടെ നടന സ്മരണയിലൊരു സാഹിത്യോത്സവം' എന്ന പേരിലാണ് പരിപാടി നടത്തുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് വൈകീട്ട് ഏഴിന് സൂര്യ കൃഷ്ണമൂർത്തി ഉദ്ഘാടനം നിർവഹിക്കും. അധ്യാപകനും എഴുത്തുകാരനുമായ ശ്രീശൈലം ഉണ്ണികൃഷ്ണൻ, ആശാൻ മെമ്മോറിയൽ അസോസിയേഷൻ പ്രസിഡന്റ് ഡോ. സി.കെ. രവി എന്നിവർ പ്രസംഗിക്കും. സുഭദ്ര കെ.നമ്പൂതിരി പാഠകം അവതരിപ്പിക്കും. ഏഴിന് വൈകീട്ട് ആറിന് 'മലയാള കവിതയുടെ മാറുന്ന മുഖം' എന്ന വിഷയത്തിൽ കേരള മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ, തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവ. കോളേജ് മുൻ പ്രിൻസിപ്പൽ വിജു നായരങ്ങാടി എന്നിവർ പ്രഭാഷണം നടത്തും. കലാമണ്ഡലം കവിത ഗീതാനന്ദൻ ശീതങ്കൻ തുള്ളൽ അവതരിപ്പിക്കും.

14-ന് വൈകീട്ട് ആറിന് 'കഥയും ജീവിതവും' എന്ന വിഷയത്തിൽ തേവര എസ്.എച്ച്. കോളേജ് അധ്യാപിക ഡോ. സൂര്യ ഗോപി, മലയാളം സർവകലാശാല അധ്യാപകൻ ഡോ. സി.ഗണേഷ് എന്നിവർ പ്രസംഗിക്കും. കല്യാണി സുരേഷ് കഥാപ്രസംഗം അവതരിപ്പിക്കും. 21-ന് വൈകീട്ട് ആറിന് 'സമകാലിക മലയാള നോവൽ -ആഖ്യാനവും രാഷ്ട്രീയവും' എന്ന വിഷയത്തിൽ എഴുത്തുകാരൻ ടി.ഡി. രാമകൃഷ്ണൻ, മദ്രാസ് സർവകലാശാല മലയാള വിഭാഗം അധ്യാപകൻ ഡോ. ഓ.കെ. സന്തോഷ് എന്നിവർ പ്രസംഗിക്കും.

സുധീർ കുമാർ രചനയും സംവിധാനവും നിർവഹിച്ച ഏകാംഗ നാടകം സനൽ ആലപ്പി അവതരിപ്പിക്കും. പരമ്പരയുടെ സമാപന ദിവസമായ 28-ന് വൈകീട്ട് ആറിന് 'സാമൂഹ മാധ്യമ വിനിമയങ്ങൾ ' എന്ന വിഷയത്തിൽ മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി. ഭാസ്കർ, മലയാളം സർവകലാശാല അധ്യാപിക ഡോ. ടി.വി. സുനിത എന്നിവർ പ്രസംഗിക്കും. ദീപക് സുധാകരൻ സംവിധാനം ചെയ്യുന്ന ഏകാംഗനാടകം പുഷ്പ ദിനേശ് അവതരിപ്പിക്കും.

ശനിയാഴ്ച ആശാൻ സ്കൂളിൽ സാഹിത്യോത്സവത്തിന്റെ വിശദീകരണ യോഗം ചേരും.

ചടങ്ങിൽ ദേവരാജൻ മാസ്റ്ററുടെ ജന്മദിനത്തിൽ നടത്തിയ ദേവ സംഗീതം സംഗീത മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ കല്പക ഗോപാലൻ വിതരണം ചെയ്യും.