ചെന്നൈ : തമിഴ്‌നാട് മുൻ ആരോഗ്യമന്ത്രി സി. വിജയഭാസ്കറുമായി ബന്ധപ്പെട്ട കൂടുതൽ ഇടങ്ങളിൽ വിജിലൻസ് റെയ്ഡ്. ചെന്നൈയിൽ മൂന്നിടങ്ങൾ ഉൾപ്പെടെ നാലുസ്ഥലങ്ങളിലാണ് വെള്ളിയാഴ്ച പരിശോധന നടത്തിയത്.

പുതുക്കോട്ട സ്പെഷ്യൽ ജഡ്ജിയുടെ സെർച്ച് വാറന്റിനെത്തുടർന്നാണ് നടപടി. വിജയഭാസ്കറിന്റെ പേഴ്‌സണൽ അസിസ്റ്റന്റായിരുന്ന ചെന്നൈയിലെ എ. ശരവണന്റെ വീട്ടിലും ചില സ്ഥാപനങ്ങളിലും റെയ്‍ഡ് നടന്നു. സേലം ധരൻ ആശുപത്രിയിലെ ഡോ. സെൽവരാജയുടെ വീടും പരിശോധിച്ചതിൽ ഉൾപ്പെടും.

27 കോടിയുടെ അനധികൃത സ്വത്ത് കേസുമായി ബന്ധപ്പെട്ട് വിജയഭാസ്കറിന്റെയും ഭാര്യ രമ്യയുടെയും പേരിൽ നേരത്തേ കേസ് രജിസ്റ്റർചെയ്യുകയും തിങ്കളാഴ്ച ഇവരുമായി ബന്ധപ്പെട്ട 50 ഇടങ്ങളിൽ വിജിലൻസ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.