പുതുച്ചേരി : പുതുച്ചേരി മന്ത്രിസഭാ രൂപവത്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി എൻ. രംഗസാമി ബുധനാഴ്ച ലഫ്റ്റനന്റ് ഗവർണർ തമിഴിസൈ സൗന്ദർരാജനുമായി കൂടിക്കാഴ്ച നടത്തും. മന്ത്രി പദവിയിലേക്ക് എൻ.ആർ. കോൺഗ്രസ് നിർദേശിക്കുന്നവരുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് സമർപ്പിക്കും. ഇതോടെ മന്ത്രിസഭാ രൂപവത്കരണത്തിലെ അനിശ്ചിതത്വം ഏതാണ്ട് അവസാനിക്കുമെന്നാണ് സൂചന. 25-ന് പുതിയ മന്ത്രിസഭാ രൂപവത്ക്കരണം ഉണ്ടാകുമെന്ന് എൻ.ആർ.കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഒരു മാസത്തിലധികമായെങ്കിലും പുതുച്ചേരിയിൽ മുഖ്യമന്ത്രിയും സ്പീക്കറുമല്ലാതെ മറ്റാരും ഇതുവരെ സ്ഥാനമേറ്റിട്ടില്ല. മന്ത്രിമാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എൻ.ആർ.കോൺഗ്രസ്-ബി.ജെ.പി സഖ്യത്തിനിടയിൽ തർക്കം രൂക്ഷമായതാണ് മന്ത്രിസഭാ രൂപവത്കരണം വൈകിപ്പിച്ചത്. മുഖ്യമന്ത്രിയെക്കൂടാതെ എൻ.ആർ.കോൺഗ്രസ് മൂന്നു മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. രണ്ടു മന്ത്രിമാരെ ബി.ജെ.പി.യും ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പദവിയും ധനകാര്യം, ആഭ്യന്തരം എന്നീ പ്രധാന വകുപ്പുകളും രംഗസ്വാമി നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, ബി.ജെ.പിയാകട്ടെ ആഭ്യന്തരം ആവശ്യപ്പെടുന്നുണ്ട്.

ബി.ജെ.പി.യിൽനിന്ന് എ.നമശിവായത്തിന് മന്ത്രിസ്ഥാനം ലഭിക്കുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. പൊതുമരാമത്ത്, തദ്ദേശസ്വയംഭരണ മന്ത്രിയായി അദ്ദേഹത്തെ നിയമിക്കാനാണ് സാധ്യത. ബി.ജെ.പി. മറ്റൊരു മന്ത്രിയായി കണ്ടുവെച്ചിട്ടുളളത് സായി ശരവണനെയാണ്. സാമൂഹികക്ഷേമ വകുപ്പ് അദ്ദേഹത്തിനു നൽകിയേക്കും. അതേസമയം എൻ.ആർ.കോൺഗ്രസ് മന്ത്രിപദവിമുന്നോട്ടു വെയ്ക്കുന്ന കെ.ലക്ഷ്മിനാരായണന് വിദ്യാഭ്യാസവും ആർ.രാജവേലുവിന് ആരോഗ്യവകുപ്പും നൽകാനാണ് ആലോചന. രാജവേലുവിന് പകരംതേനി ജയകുമാറിന്റെ പേരും പരിഗണനയിലുണ്ട്. സ്പീക്കറായി ബി.ജെ.പി.യുടെ എംബാളം ആർ. സെൽവം നേരത്തെ സ്ഥാനമേറ്റതാണ്. ഡെപ്യൂട്ടി സ്പീക്കർ പദവി എൻ.ആർ.കോൺഗ്രസ് കാരയ്ക്കൽ എം.എൽ.എ. തിരുമുരുഗന് നൽകിയേക്കും. നിയമസഭയിലെ ഏക വനിതാ പ്രതിനിധിയായ ചന്ദ്രപ്രിയങ്കയുടെ പേരും പരിഗണനയിലുണ്ട്. അതേസമയം പട്ടികയിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നും എൻ.ആർ.കോൺഗ്രസ് വൃത്തങ്ങൾ സൂചന നൽകി. നേരത്തെ ബി.ജെ.പി. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്നു.