ചെന്നൈ : സിനിമയുടെ ഗ്ലാമറില്ലാതെ അടിമുടി ലാളിത്യം നിറഞ്ഞ പൂവച്ചൽ ഖാദറിനെ ഓർത്തെടുക്കുകയാണ് ഫിലിം എഡിറ്ററായ ജി.ശശികുമാർ. ‘ശരറാന്തൽ തിരിതാണു...’ തുടങ്ങിയ ഹിറ്റ് ഗാനങ്ങളിലൂടെ താരപരിവേഷം കൈവന്നപ്പോഴും ചെന്നൈയിലെ സിനിമാക്കാർക്കിടയിൽ സാധാരണക്കാരനെപ്പോലെ ജീവിച്ച പൂവച്ചൽ ഖാദർ വ്യത്യസ്തനായിരുന്നു. സിനിമാ മേഖലയിലെ എല്ലാവരോടും ഒരു പോലെ ഇടപെടുന്ന ചുരുക്കം ചിലരിൽ ഒരാളായിരുന്നു അദ്ദേഹമെന്നതിൽ ശശികുമാറിന് സംശയമില്ല.

സംഗീത സംവിധായകനെ ഫോണിൽ വിളിച്ച് വരികൾ പറഞ്ഞു കൊടുക്കുന്ന ഒരേയൊരു ഗാനരചയിതാവിനെ മാത്രമേ ശശികുമാർ കണ്ടിട്ടുള്ളു. അത് പൂവച്ചൽ ഖാദറാണ്. അന്ന് ഏതോ ചിത്രത്തിന് പാട്ടെഴുതാൻ എത്തിയതായിരുന്നു പൂവച്ചൽ. തിരികെ നാട്ടിലേക്ക് പോകുന്നതിനുള്ള തിരക്കിനിടയിലാണ് അദ്ദേഹം ശശികുമാറിന്റെ വീട്ടിലെത്തിയത്. സുഹൃത്തും സംഗീത സംവിധായകനുമായ ശ്യാം അഞ്ചാറ്് പാട്ടുകൾ എഴുതാൻ ഏൽപ്പിച്ചിരുന്നുവെന്നും ഇനി അദ്ദേഹത്തെ കാണാൻ സമയമില്ലെന്നും പറഞ്ഞു. സമയം കിട്ടാതെ വന്നതോടെ തലേരാത്രിയിൽ പാട്ടുകൾ എഴുതിയിരുന്നു. ക്രിസ്മസ് പരിപാടിയുമായി ബന്ധപ്പെട്ട പാട്ടുകളായിരുന്നു എഴുതേണ്ടിയിരുന്നത്. റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിന് മുമ്പ് ഫോണിൽ വിളിച്ച് ശ്യാമിന് പാട്ടുകൾ മുഴുവൻ പറഞ്ഞു കൊടുക്കുകയായിരുന്നു. നൊടിനേരം കൊണ്ട് മനോഹരമായ പാട്ടുകൾ എഴുതി അത്ഭുതപ്പെടുത്തിയിട്ടുള്ള കഥകൾ പലരും പറഞ്ഞിട്ടുണ്ട്.

അറിയപ്പെടുന്ന ഗാനരചയിതാവായിരുന്നുവെങ്കിലും നടന്നും ഓട്ടോറിക്ഷയിലുമൊക്കെയായിരുന്നു അദ്ദേഹത്തിന്റെ യാത്ര. മദിരാശിയിലെ തെരുവുകളിൽ തലയ്ക്കമീതെ ഉയർത്തിപ്പിടിച്ച കടലാസുകളുടെ തണലിൽ നടന്നു നീങ്ങുന്ന പൂവച്ചൽ ഖാദറിനെ പഴകാല സിനിമ പ്രവർത്തകർ പലരും ഓർക്കുന്നുണ്ട്.

താമസിക്കാൻ വീടുതേടി അലയുന്നതിനിടെ ശശികുമാർ പൂവച്ചൽ ഖാദറിനെ കണ്ടുമുട്ടുന്നതും ഇത്തരം ഒരു കാൽനടയാത്രയ്ക്കിടയിലായിരുന്നു. നടന്നുവരുന്നതിനിടെ കണ്ടമുട്ടിയ ശശികുമാറിനോട് എവിടെ പോകുകയാണെന്ന് ചോദിച്ചു. വീട് നോക്കിയിറങ്ങിയതാണെന്ന് ശശികുമാർ പറഞ്ഞു. എങ്കിൽ പിന്നെ എന്റെ വീട്ടിൽ താമസിക്കരുതോയെന്ന് അദ്ദേഹം ചോദിച്ചു. ചെന്നൈയിൽനിന്ന് നാട്ടിലേക്ക് കുടുംബസമേതം താമസം മാറ്റുന്നതിനുള്ള ഒരുക്കത്തിലായിരുന്നു പൂവച്ചൽ ഖാദർ. അങ്ങനെ ചെന്നൈ സാലിഗ്രാമത്തിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ ശശികുമാർ വാടകക്കാരനായി. സിനിമയുടെ കാര്യങ്ങൾക്കായി ഒരു മാസത്തിൽ തന്നെ പല തവണ പൂവച്ചൽ ഖാദർ ചെന്നൈയിൽ എത്തിയിരുന്നു.

അങ്ങനെയുള്ള സന്ദർശനത്തിനിടെയായിരുന്നു വാടക നൽകിയിരുന്നത്. മൂന്ന് വർഷം അവിടെ താമസിച്ചു. ഈ വീട് അദ്ദേഹം വിറ്റപ്പോഴാണ് ശശികുമാർ അവിടെ നിന്ന് മാറിയത്. സിനിമയിൽ ഒരാൾപോലും ശത്രുവായില്ലാത്ത അപൂർവം ചിലരിൽ ഒരാളായിരുന്നു പൂവച്ചൽ ഖാദറെന്ന ശശികുമാർ പറയുന്നു.